ന്യൂഡൽഹി: ഇന്ത്യയുടെ ആദ്യത്തെ ഗവർണർ ജനറലായിരുന്ന സി.രാജഗോപാലാചാരിയുടെ കൊച്ചുമകനും കോൺഗ്രസ് മീഡിയ പാനലിസ്റ്റുമായിരുന്ന സി.ആർ.കേശവൻ കോൺഗ്രസിൽ നിന്ന് രാജിവച്ചു. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജി വയ്ക്കുകയാണെന്നാണ് അദ്ദേഹം അറിയിച്ചത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയ്ക്ക് അയച്ച കത്തിന്റെ പകർപ്പും അദ്ദേഹം ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്. പാർട്ടിയുടെ രാഷ്ട്രീയത്തിൽ ഇപ്പോൾ തനിക്ക് താത്പര്യമില്ലെന്നും, അതിനാൽ പാർട്ടി വിടുന്നതാണ് ശരിയെന്നും അതാണ് താൻ ചെയ്തതെന്നും അദ്ദേഹം പിന്നീട് മാദ്ധ്യമങ്ങളോട് പറഞ്ഞു. പാർട്ടി വിട്ട സ്ഥിതിക്ക് കോൺഗ്രസിനെ കുറിച്ച് കൂടുതൽ അഭിപ്രായങ്ങൾ പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
തമിഴ്‌നാട് കോൺഗ്രസ് കമ്മിറ്റി ചാരിറ്റബിൾ ട്രസ്റ്റ് അംഗത്വം, ശ്രീപെരുമ്പത്തൂർ രാജീവ് ഗാന്ധി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് ഡെവലപ്പ്‌മെൻറ് ഉപാധ്യക്ഷ സ്ഥാനം. പ്രസാർ ഭാരതി ബോർഡ് അംഗത്വം, യൂത്ത്‌കോൺഗ്രസ് ദേശീയ കൗൺസിൽ അംഗം എന്നീ ചുമതലകളും സി.ആർ.കേശവൻ രാജിവച്ചിട്ടുണ്ട്. കഴിഞ്ഞ 22 വർഷമായി കോൺഗ്രസിന്റെ സജീവ പ്രവർത്തകനായിരുന്നു സി.ആർ.കേശവൻ. 2001ലാണ് കോൺഗ്രസ് അംഗത്വം സ്വീകരിക്കുന്നത്. വിവിധ ഉത്തരവാദിത്തങ്ങൾ വിശ്വസിച്ച് ഏൽപ്പിച്ച സോണിയ ഗാന്ധിക്കും സി.ആർ.കേശവൻ നന്ദി പറയുന്നുണ്ട്.
പാർട്ടി ഇപ്പോൾ നിലകൊള്ളുന്നതും പ്രചരിപ്പിക്കുന്നതുമായ ആശയങ്ങളോട് തനിക്ക് യോജിക്കാൻ കഴിയില്ല. അതിനാലാണ് ദേശീയതലത്തിലുള്ള സംഘടനാപരമായ ഉത്തരവാദിത്തം നിരസിക്കുകയും, ഭാരത് ജോഡോ യാത്രയിൽ നിന്ന് വിട്ടു നിൽക്കുകയും ചെയ്തത്. എനിക്ക് പുതിയൊരു പാത കണ്ടെത്താനുള്ള സമയമാണിത്. അതിനാൽ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവയ്ക്കുന്നു. ഞാൻ മറ്റൊരു പാർട്ടിയിലേക്ക് പോവുകയാണെന്ന ഊഹാപോഹങ്ങൾ ഇനിയുണ്ടാകും. പക്ഷേ ഞാൻ ആരോടും സംസാരിച്ചിട്ടില്ല. അടുത്തതായി എന്ത് സംഭവിക്കുമെന്ന് പറയാനും സാധിക്കില്ല. രാജ്യത്തെ സേവിക്കാൻ പ്രവർത്തിക്കും. മാതാപിതാക്കൾ പകർന്നു നൽകിയ മൂല്യം സംരക്ഷിച്ചു കൊണ്ടായിരിക്കും അതെന്നും സി.ആർ.കേശവന്റെ രാജിക്കത്തിൽ പറയുന്നു.









