ഭോപ്പാൽ: മൂന്ന് വർഷത്തെ കാരാഗൃഹവാസത്തിന് ശേഷം ഭാരതാംബയുടെ മടിത്തട്ടിലേക്ക് മടങ്ങി രാജു ലക്ഷ്മൺ. ബുധനാഴ്ചയായിരുന്നു ചാരവൃത്തി ആരോപിച്ച് പാകിസ്താൻ തുറുങ്കിലടച്ച 24 കാരൻ തിരികെ ഇന്ത്യയിൽ എത്തിയത്. വർഷങ്ങൾ നീണ്ട കൊടിയ പീഡനങ്ങളിൽ നിന്നും രക്ഷ നേടി ഉറ്റവരുടെ പക്കൽ എത്തിയ ആശ്വാസത്തിലാണ് രാജുവിപ്പോൾ.
2019 ലാണ് ഖന്ദ്വ സ്വദേശിയായ രാജു ലക്ഷ്മണെ പാകിസ്താൻ സൈന്യം തടവിലാക്കിയത്. മാനസിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന രാജു അടിക്കടി വീട്ടിൽ നിന്നും ഇറങ്ങി ദൂരേയ്ക്ക് പോകുക പതിവാണ്. ഇങ്ങനെ അബദ്ധത്തിൽ പാകിസ്താനിലേക്ക് പോയതായിരുന്നു രാജു. അതിർത്തിയിൽ അലഞ്ഞു തിരിയുന്ന രാജു പാകിസ്താൻ സൈന്യത്തിന്റെ ശ്രദ്ധയിലും പെട്ടു. ഉടനെ പാകിസ്താന്റെ ആണവ നിലയത്തെക്കുറിച്ചുള്ള വിവരങ്ങൾ ചോർത്താനെത്തിയ ചാരനാണെന്ന് ആരോപിച്ച് രാജുവിനെ പിടിച്ചുകൊണ്ടുപോകുകയായിരുന്നു. രാജുവിനെ കാണാതായതോടെ ബന്ധുക്കൾ രംഗത്ത് എത്തി. ഇവരുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിലായിരുന്നു രാജുവിനെ പാക് സൈന്യം പിടികൂടിയതായി വ്യക്തമായത്. അന്ന് മുതൽ രാജുവിനെ തിരികെയെത്തിക്കാനുള്ള ഊർജ്ജിത ശ്രമമായിരുന്നു കേന്ദ്രം തുടർന്നിരുന്നത്.
പാക് ജയിലിൽ ക്രൂര പീഡനങ്ങൾ ആയിരുന്നു രാജുവിന് നേരിടേണ്ടിവന്നത്. രാജുവിനൊപ്പം കാമുകിയെ തേടി അതിർത്തി കടന്ന യുവാവും ഉണ്ടായിരുന്നു. മാസങ്ങളോളം ചാരവൃത്തി ആരോപിച്ച് പാകിസ്താന്റെ ക്രൂരതകൾ തുടർന്നതായി രാജു പറഞ്ഞു. താൻ അറിയാതെയാണ് പാകിസ്താനിൽ ചെന്ന് പെട്ടത്. തന്നെ കണ്ടതോടെ പാക് സൈന്യം പിടികൂടി ചോദ്യം ചെയ്തു. താൻ ഇന്ത്യക്കാരനാണെന്ന് വ്യക്തമായതോടെ പിടിച്ചുകൊണ്ടു പോകുകയായിരുന്നു. ഒരുപാട് മർദ്ദിച്ചു. പിന്നീട് ജയിലിൽ അടച്ചെന്നും രാജു വ്യക്തമാക്കി.
രാജുവുൾപ്പെടെ നാല് പേരെയാണ് പാകിസ്താൻ അട്ടാരി-വാഗ അതിർത്തിവഴി ഇന്ത്യയിലേക്ക് അയച്ചത്. ഇതിൽ രണ്ട് പേർ പാകിസ്താൻ അനധികൃതമായി തടങ്കലിലാക്കിയ മത്സ്യത്തൊഴിലാളികൾ ആയിരുന്നു. ജന്മനാട്ടിൽ എത്തിയ രാജുവിന് വലിയ സ്വീകരണമാണ് നാട്ടുകാരും ബന്ധുക്കളും ചേർന്ന് നൽകിയത്.
Discussion about this post