ന്യൂയോർക്ക്: യുഎൻ ജനറൽ അസംബ്ലിയിൽ പാകിസ്താനെതിരെ ആഞ്ഞടിച്ച് ഇന്ത്യ. ജനറൽ അസംബ്ലിയിൽ പാകിസ്താൻ കശ്മീർ വിഷയം ഉന്നയിച്ചതിന് പിന്നാലെയാണ് ഇന്ത്യ രൂക്ഷ വിമർശനം ഉയർത്തിയത്. പാകിസ്താൻ തീവ്രവാദികളുടെ സുരക്ഷിതമായ അഭയസ്ഥാനമാണെന്നും, പാകിസ്താൻ ആദ്യം സ്വന്തം രാജ്യത്തെ കാര്യങ്ങളാണ് പരിശോധിക്കേണ്ടതെന്നും യുഎന്നിൽ നടത്തിയ പ്രത്യേക സെഷനിൽ ഇന്ത്യൻ കൗൺസിലർ പ്രതീക് മാത്തൂർ പറഞ്ഞു.
”ഭീകരർക്ക് അഭയം നൽകുകയും സുരക്ഷിത താവളമൊരുക്കുകയും അവർക്കെതിരെ യാതൊരു നടപടികളും എടുക്കാതിരിക്കുകയും ചെയ്യുന്ന രാജ്യമാണ് പാകിസ്താൻ. അവർ സ്വന്തം ട്രാക്ക് റെക്കോർഡ് ആണ് പരിശോധിക്കേണ്ടത്. ആ പ്രശ്‌നങ്ങളാണ് ആദ്യം പരിഹരിക്കേണ്ടത്. പാകിസ്താൻ തുടർച്ചയായി പ്രകോപനം സൃഷ്ടിക്കുന്നത് ഖേദകരമാണ്. പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള ഏകമാർഗം സമാധാനത്തിന്റെ പാതയാണെന്ന് യുഎന്നിലെ എല്ലാ അംഗങ്ങളും സമ്മതിച്ചിട്ടുള്ളതാണ്. എന്നാൽ പാകിസ്താൻ ഇതിൽ നിന്നും വ്യത്യസ്തമായാണ് ചിന്തിക്കുന്നതെന്നും മാത്തൂർ പറഞ്ഞു.
2021-22 വർഷത്തിൽ പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്നവരുടെ പട്ടിക ഇന്ത്യ നൽകിയിരുന്നു, അബ്ദുൾ റഹ്മാൻ മക്കി, അബ്ദുൾ റൗഫ് അസ്ഗർ, സാജിദ് മിർ, ഷാഹിദ് മഹ്മൂദ് , തല്ഹ സയീദ് എന്നീ പേരുകളാണ് ഇന്ത്യ സമർപ്പിച്ചത്. ഇവരെ ആഗോള ഭീകരരായി പ്രഖ്യാപിക്കാനുള്ള നടപടിക്ക് കൗൺസിലിലെ 14 അംഗരാജ്യങ്ങളും അംഗീകാരം നൽകിയെങ്കിലും ചൈന തടയിടുകയായിരുന്നു.
Discussion about this post