കൊച്ചി: വിവാദ ഇടനിലക്കാരൻ നന്ദകുമാറിന്റെ വസതിയിലെത്തിയതിൽ വിശദീകരണവുമായി എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. നന്ദകുമാറിന്റെ അമ്മയെ ആദരിക്കുന്ന ചടങ്ങിനല്ല കൊച്ചിയിലെത്തിയതെന്നും രോഗബാധിതനായ പാർട്ടി പ്രവർത്തകനെ സന്ദർശിക്കാനാണെന്നും ഇപി ജയരാജൻ പറഞ്ഞു. വ്യക്തിഹത്യ നടത്താൻ ആണ് ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നതെന്നും പ്രചരിപ്പിക്കുന്നവരെ കുറിച്ച് അറിയാമെന്നും ജയരാജൻ പറഞ്ഞു.
കെവി തോമസും ക്ഷേത്ര ഭാരവാഹികളും ക്ഷണിച്ചത് കൊണ്ടാണ് ക്ഷേത്രത്തിലെ പരിപാടിയിൽ പോയത്. അവിടെയാണ് നന്ദകുമാറിന്റെ അമ്മയെ കണ്ടത്. ഒരു അമ്മയെ ആദരിക്കണമെന്ന് ക്ഷേത്രം ഭാരവാഹികൾ ആവശ്യപ്പെട്ടെന്നും അത് നന്ദകുമാറിന്റെ അമ്മയെന്ന് അറിയില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം വിവാദസന്ദർശനത്തിൽ ഇപിയെ പിന്തുണച്ച് നന്ദകുമാറും രംഗത്തെത്തി. ഇ.പിയെ ഒരുചടങ്ങിലേയ്ക്കും ക്ഷണിച്ചിട്ടില്ല.തൻറെ വീട്ടിലും ഇ.പി വന്നിട്ടില്ല, 4,000 പേർ പങ്കെടുത്ത ക്ഷേത്രത്തിലെ ചടങ്ങിലാണ് എത്തിയത്. പൊതുജനങ്ങൾക്ക് ഭക്ഷണം കൊടുക്കുന്ന ഇടത്ത് ഭക്ഷണം കഴിക്കാനാണ് എത്തിയത്. അവിടെ വച്ച് മുതിർന്ന ആളെന്ന നിലയിൽ തൻറെ അമ്മയെ ഷാൾ അണിയിച്ചു. കെ.വി.തോമസിനേയും ക്ഷണിച്ചിട്ടില്ല, അദ്ദേഹവും വന്നത് യാദൃശ്ചികമായിയാണെന്നും ഇ.പി.നന്ദകുമാർ പറഞ്ഞു
ജനകീയ പ്രതിരോധ ജാഥ ആരംഭിക്കുന്നതിന്റെ തലേന്നാണ് നന്ദകുമാറിന്റെ അമ്മയെ ആദരിക്കുന്ന ചടങ്ങിൽ ഇ.പി. ജയരാജൻ പങ്കെടുത്തത്. ഇതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തായിരുന്നു. ജാഥയിൽനിന്ന് ഇ.പി. വിട്ടുനിൽക്കുന്നത് ഏറെ ചർച്ചയാകുന്നതിനിടെയാണ് പുതിയ വിവാദം.













Discussion about this post