തൃശൂർ: നമ്മുടെ ഭക്ഷണശീലം എന്നും നിലനിർത്തണമെന്ന് കുട്ടികൾക്ക് നിർദ്ദേശം നൽകി എഴുത്തുകാരൻ എം മുകുന്ദൻ. പെരുവനം സാഹിത്യോത്സവത്തിന്റെ ഭാഗമായ സർഗസംവാദത്തിലായിരുന്നു എം മുകുന്ദൻ കുട്ടികൾക്ക് മുമ്പായി ആഹാര രീതിയെ കുറിച്ചുള്ള നിർദ്ദേശം നൽകിയത്.
കെഎഫ്‌സിയുടെയും ഫ്രെഡ് ചിക്കന്റെയും ന്യൂഡിൽസിന്റെയും പിറകെ പോകരുതെന്നും കഞ്ഞിയാണ് ഏറ്റവും നല്ല ഭക്ഷണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കഞ്ഞിയിൽ എണ്ണയും മായവും ഇല്ലെന്നും അതിനെ കുറിച്ച് എല്ലാവർക്കും ബോധം വേണമെന്നും എം മകുന്ദൻ കൂട്ടിച്ചേർത്തു.
മാഹിയിൽ ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന സിനിമയുടെ ചിത്രീകരണ വേളയിൽ തനിക്കുണ്ടായ അനുഭവവും അദ്ദേഹം പറഞ്ഞു. സിനിമയിലെ അണിയറ പ്രവർത്തകർക്ക് എല്ലാവർക്കും ടിഫ്ഫിൻ കാരിയറിലാക്കി ഭക്ഷണം നൽകുന്ന പതിവായിരുന്നു അവിടെ ഉണ്ടായിരുന്നത്. തനിക്ക് കിട്ടിയ പാത്രം നോക്കിയപ്പോൾ അതിൽ ചപ്പാത്തിയും മീൻ കറിയും കണ്ടു, അടുത്ത പാത്രം തുറന്നപ്പോൾ കഞ്ഞിയും ഉണക്കമീനും കണ്ടു. ഇതോടെ സിനിമയിലെ നായകനായ സുരാജ് വെഞ്ഞാറമൂടിന് എന്താണ് ഭക്ഷണം നൽകിയതെന്നായി, സുരാജിന്റെ പാത്രത്തിലും കഞ്ഞി കണ്ടതോടെ നായിക ആൻ അഗസ്റ്റിന്റെ പാത്രത്തിലേക്ക് എത്തി നോക്കി, നായികയ്ക്കും കഞ്ഞി നൽകിയിട്ടുണ്ടെന്ന് അറിഞ്ഞതോടെ വലിയ അത്ഭുതമായെന്ന് എം മുകുന്ദൻ പറയുന്നു. എല്ലാവർക്കും കഞ്ഞി നൽകുന്നുണ്ടെന്ന് സുരാജ് പറഞ്ഞപ്പോൾ വളരെ സന്തോഷം തോന്നി. നമ്മുടെ ഭക്ഷണരീതികളിലേക്ക് തിരിച്ച് പോവുകയാണെന്ന് മനസിലാക്കാൻ സാധിച്ചെന്നും ഇതിലൂടെ നല്ല സന്തോഷം തോന്നിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












