റായ്പൂർ: ഛത്തീസ്ഗഡിൽ സുരക്ഷാ സേനയ്ക്ക് നേരെ ആക്രമണം തുടർന്ന് കമ്യൂണിസ്റ്റ് ഭീകരർ. ഭീകരരുടെ വെടിയേറ്റ ജവാൻ വീരമൃത്യുവരിച്ചു. വൈകീട്ടോടെയായിരുന്നു സംഭവം.
ബഡേ ടേവ്ഡ സ്വദേശി മൊയ്ത്രം അഞ്ചലയാണ് വീരമൃത്യുവരിച്ചത്. വൈകീട്ട് ഇറച്ചി വാങ്ങാനായി സമീപത്തെ കടയിലേക്ക് പോയത് ആയിരുന്നു മൊയ്ത്രം. ഇറച്ചി വാങ്ങി തിരികെ വരുന്നതിനിടെ ഒളിച്ചിരുന്ന് കമ്യൂണിസ്റ്റ് ഭീകരർ വെടിയുതിർക്കുകയായിരുന്നു. മൊയ്ത്രം വെടിയേറ്റ് വീണതോടെ കമ്യൂണിസ്റ്റ് ഭീകരർ ഓടി രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ബഹളം കേട്ട് ഓടിക്കൂടിയ പ്രദേശവാസികൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
ഏതാനും ദിവസങ്ങൾക്ക് മുൻപാണ് മൊയ്ത്രം അവധിയ്ക്ക് നാട്ടിൽ എത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.








