മഡ്രിഡ്: ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ടീം ടോട്ടൽ എന്ന നാണക്കേടിൽ നിന്നും രക്ഷപ്പെട്ട് ബിഗ് ബാഷ് ടീം സിഡ്നി തണ്ടർ. 2022-23 സീസണിൽ 15 റൺസിന് അഡ്ലെയ്ഡ് സ്ട്രൈക്കേഴ്സിനെതിരെ പുറത്തായതിന്റെ നാണക്കേടിൽ നിന്നും അവരെ രക്ഷിച്ചിരിക്കുകയാണ് ഐൽ ഓഫ് മാൻ ടീം. സ്പെയിനിനെതിരെ നടന്ന ട്വന്റി 20 മത്സരത്തിൽ, 10 റൺസിനാണ് അവർ പുറത്തായത്.
8.4 ഓവറിലാണ് ഐൽ ഓഫ് മാൻ 10 റൺസിന് ഓൾ ഔട്ട് ആയത്. നാല് റൺസ് എടുത്ത ജോസഫ് ബറോസാണ് ഐൽ ഓഫ് മാനിന്റെ ടോപ് സ്കോറർ. അവരുടെ ഏഴ് കളിക്കാരാണ് പൂജ്യത്തിന് പുറത്തായത്. ടോസ് നേടിയ സ്പെയിൻ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.
നാല് റൺസിന് നാല് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് കമ്രാനും ആറ് റൺസിന് നാല് വിക്കറ്റ് വീഴ്ത്തിയ അത്തീഫ് മുഹമ്മദും ചേർന്നാണ് ഐൽ ഓഫ് മാനിനെ എറിഞ്ഞ് ചുരുട്ടിയത്. മറുപടി ബാറ്റിംഗിൽ, മൂന്നാമത്തെ പന്തിൽ സ്പെയിൻ കളി ജയിച്ചു. രണ്ട് സിക്സറുകൾ പറത്തി ഓപ്പണർ അവൈസ് മുഹമ്മദാണ് സ്പെയിനിനെ വിജയത്തിലെത്തിച്ചത്.












