മുംബൈ: പാകിസ്താനിൽ നിന്നും ചൈനയിൽ നിന്നും പരിശീലനം നേടിയ ഇൻഡോർ സ്വദേശി നഗരത്തിലെത്തിയതായി ദേശീയ അന്വേഷണ ഏജൻസിക്ക് (എൻഐഎ) അജ്ഞാത ഇമെയിൽ സന്ദേശം. ‘അപകട മനുഷ്യൻ’ നഗരത്തിലെത്തിയിട്ടുണ്ട് എന്നാണ് ഇമെയിലിലെ ഉള്ളടക്കം. സർഫരാജ് മേമൻ’ എന്നാണ് ഇമെയിലിൽ ഇയാളുടെ പേര് പരമാർശിച്ചിരിക്കുന്നത്.
ഇമെയിലിലെ വിവരങ്ങൾ പ്രകാരം ഇൻഡോറിലെ ധാർ റോഡിൽ നിന്നുള്ള ആളാണിതെന്നാണ് പറയുന്നത്. 2018ലും 2019ലും ഇയാൾ ചൈന സന്ദർശിച്ചിരുന്നു. ആധാർ കാർഡ്, പാസ്പോർട്ട്, ഡ്രൈവിംഗ് ലൈസൻസ് തുടങ്ങിയ വിവരങ്ങളും മെയിലിൽ അറ്റാച്ച് ചെയ്തിരുന്നു. രേഖകൾ പ്രകാരം 1982ലാണ് ഇയാളുടെ ജനന വർഷം. എന്നാൽ പാകിസ്താനിലേക്കുള്ള യാത്രാ എൻട്രികളൊന്നും അയാളുടെ പാസ്പോർട്ടിൽ നിന്ന് കണ്ടെത്താനായിട്ടില്ലെന്നാണ് ഇമെയിലിലെ സൂചന.
മുംബൈ പോലീസ്, തീവ്രവാദ വിരുദ്ധ സ്ക്വാഡുൾപ്പെടെയുള്ള മറ്റ് കേന്ദ്ര ഏജൻസികൾക്കെല്ലാം വിവരങ്ങൾ കൈമാറിയിട്ടുണ്ട്. മുംബൈ പോലീസും എൻഐഎയും ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ ഇൻഡോർ പോലീസുമായി പങ്കുവെച്ചിട്ടുണ്ട്. ഇയാളുടെ യാത്രാരേഖകളെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. ഇൻഡോർ നഗരത്തിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. മേമനെക്കുറിച്ചുള്ള വിശദാംശങ്ങൾ നൽകാനായി പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Discussion about this post