ന്യൂഡൽഹി : ത്രിപുര നിയനമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ പുറത്തുവന്ന എക്‌സിറ്റ് പോൾ ഫലങ്ങൾ സിപിഎമ്മിനെ ആകെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. അധികാരം പിടിച്ചെടുക്കാൻ വേണ്ടി കോൺഗ്രസുമായി സഖ്യം ചേർന്ന് മത്സരിച്ചിട്ടും, സിപിഎമ്മിന് നല്ല സൂചനല്ല എക്‌സിറ്റ് പോൾ ഫലം നൽകുന്നത്. ബിജെപിക്ക് വൻ വിജയമുണ്ടാകുമെന്നും സർവ്വേകൾ വ്യക്തമാക്കുന്നുണ്ട്. ഇതോടെ എക്‌സിറ്റ് പോൾ ഫലങ്ങൾ ബിജെപിയെ സഹായിക്കാനാണെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇടത് സഖ്യം.
ചില എക്‌സിറ്റ് പോൾ ഫലങ്ങൾ ബിജെപിയെ സഹായിക്കാൻ വേണ്ടിയാണെന്നാണ് സിപിഎം കേന്ദ്രങ്ങളുടെ ആരോപണം. ത്രിപുരയിൽ ബിജെപി അധികാരത്തിൽ നിന്ന് മാറേണ്ടി വരുമെന്നും തങ്ങൾ ഭരണം പിടിച്ചെടുക്കുമെന്നും ഇവർ അവകാശപ്പെടുന്നു. പ്രത്യുദ് ദേബ് ബർമെൻറെ തിപ്ര മോതയുമായും സിപിഎം ചർച്ച ആരംഭിച്ചിട്ടുണ്ട്.
30 വർഷത്തെ ചരിത്രം തിരുത്തിക്കൊണ്ട് കഴിഞ്ഞ തവണ ബിജെപി ത്രിപുരയിൽ അധികാരത്തിലേറിയതോടെ സിപിഎമ്മിന്റെ കണക്കുകൂട്ടലുകൾ തെറ്റാൻ ആരംഭിച്ചിരുന്നു. തുടർന്നാണ് ഇത്തവണ കോൺഗ്രസുമായി സഖ്യം ചേർന്ന് മത്സരിക്കാൻ തീരുമാനിച്ചത്. എന്നാൽ അത് ഒരു തരത്തിലും നേട്ടമുണ്ടാക്കിയില്ല.
ത്രിപുരയിൽ എൻഡിഎക്ക് 36 മുതൽ 45 സീറ്റാണ് ഇന്ത്യ ടുഡേ ആക്‌സിസ് മൈ ഇന്ത്യ പ്രവചിക്കുന്നത്. സിപിഎം കോൺഗ്രസ് സഖ്യത്തിന് 6 മുതൽ 11 സീറ്റ് വരെ ലഭിക്കുകയുള്ളുവെന്നും എക്‌സിറ്റ് പോൾ ഫലങ്ങൾ പറയുന്നു. സീ ന്യൂസ് മെട്രിസ് നടത്തിയ സർവേയിൽ ബിജെപിക്ക് 36 സീറ്റ് വരെയും സിപിഎം 21 സീറ്റ് വരെയും നേടുമെന്നും പ്രവചിക്കുന്നുണ്ട്. 27 സീറ്റ് വരെ നേടി ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്നും സിപിഎം സഖ്യത്തിന് 18 മുതൽ 24 സീറ്റ് വരെ ലഭിക്കുമെന്നുമാണ് ടൈംസ് നൗ ഫലങ്ങൾ സൂചിപ്പിക്കുന്നത്. പ്രത്യുദ് ദേബ് ബർമെൻറെ തിപ്ര മോത 16 സീറ്റ് വരെ നേടുമെന്നും വ്യക്തമാക്കുന്നുണ്ട്.








