കണ്ണൂർ : ജയിലിലായതിന് പിന്നാലെ കാർ വിൽപ്പനയ്ക്ക് വെച്ച് ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി. ഫേസ്ബുക്കിലെ കാർ വിൽപ്പന ഗ്രൂപ്പിലാണ് ഇന്നോവ കാർ വിൽപ്പനയ്ക്ക് എന്ന അറിയിപ്പ് വന്നത്. ജയിലിലായി മൂന്ന് മണിക്കൂറുകൾക്കകം സമൂഹമാദ്ധ്യമങ്ങളിൽ പരസ്യം പ്രത്യക്ഷപ്പെട്ടു.
സാമ്പത്തിക പ്രതിസന്ധി ഉള്ളത് കൊണ്ടാണ് വണ്ടി വിൽപനയ്ക്ക് വച്ചത് എന്നാണ് ആകാശിൻറെ അച്ഛൻ വഞ്ഞേരി രവീന്ദ്രൻ പറയുന്നത്. 2012 രജിസ്‌ട്രേഷനുള്ള ഇന്നോവയ്ക്ക് ഏഴ് ലക്ഷം രൂപയാണ് വിലയിട്ടിരിക്കുന്നത്. വാഹനം ആകാശിന്റെ പേരിലല്ല രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഇന്നലെ രാത്രിയോടെയാണ് കാപ്പ ചുമത്തി ആകാശിനെ പോലീസ് അറസ്റ്റ് ചെയ്തത്. സമൂഹത്തിന് ഭീഷണിയായേക്കാം എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടറുടെ നിർദ്ദേശ പ്രകാരമായിരുന്നു നടപടി. തുടർന്ന് ഇന്ന് പുലർച്ചെ നാല് മണിയോടെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി.
രണ്ട് കൊലക്കേസ് ഉൾപ്പെടെ ആകാശ് തില്ലങ്കേരിയ്ക്കെതിരെ 14 ക്രിമിനൽ കേസുകളാണ് പോലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഡിവൈഎഫ്ഐ വനിതാ നേതാവിനെ അപമാനിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് ഒടുവിൽ ആകാശ് പ്രതിയായത്. ഷുഹൈബ് കൊലക്കേസിൽ ജാമ്യം ലഭിച്ച ആകാശ് തില്ലങ്കേരി അടുത്തിടെ സിപിഎമ്മിനെ പ്രതിരോധത്തിലാക്കി ചില നിർണായക വെളിപ്പെടുത്തൽ നടത്തിയിരുന്നു. ഇതോടെയാണ് ആകാശിനെ പൂട്ടാനുള്ള നീക്കങ്ങൾ സർക്കാർ ആരംഭിച്ചത്.
ജയിലിൽ ആറ് മാസം ആകാശിനെ കരുതൽ തടങ്കലിൽ പാർപ്പിയ്ക്കും. ഇതിന് ശേഷാമാകും നാട് കടത്തുക.
Discussion about this post