തിരുവനന്തപുരം: ഭീകരവാദ കേസുകൾ ഉൾപ്പെടെ അന്വേഷികുന്ന ദേശീയ അന്വേഷണ ഏജൻസിയിലേക്കുള്ള ഡെപ്യൂട്ടേഷൻ നിയമനത്തിൽ സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ ദുരൂഹമായ ഇടപെടൽ. എൻ ഐ എയിൽ കേരള പോലീസിൽ നിന്ന് ഡെപ്യൂട്ടേഷനിൽ പ്രവർത്തിക്കാൻ ഡിജിപി അനിൽ കാന്ത് നൽകിയ പട്ടികയിൽ ആഭ്യന്തര വകുപ്പ് തിരുത്തൽ നടത്തി. എൻ ഐ എ അംഗീകരിച്ച പട്ടികയിലാണ് ആഭ്യന്തര വകുപ്പ് തിരുത്തൽ നടത്തിയിരിക്കുന്നത്.
2 എസ് ഐമാർ, 2 എ എസ് ഐമാർ, 3 സിവിൽ പോലീസ് ഓഫീസർമാർ, ഒരു സീനിയർ സിപിഒ എന്നിങ്ങനെ 9 പേരെ കേരള പോലീസിൽ നിന്ന് ഡെപ്യൂട്ടേഷനിൽ നിയമിക്കാനാണ് എൻ ഐ എ തീരുമാനിച്ചിരുന്നത്. ഇതിനായി ഇവരുടെ വിശദാംശങ്ങൾ എൻ ഐ എ ആസ്ഥാനത്ത് എത്തിക്കുകയും ഇന്റർവ്യൂ നടത്തുകയും ചെയ്തിരുന്നു. തുടർന്ന് ഇവർക്ക് നിയമനം നൽകാൻ എൻ ഐ എ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ സംസ്ഥാന ഡിജിപിക്ക് അറിയിപ്പ് നൽകുകയും ചെയ്തിരുന്നു.
ഇതിൽ തുടർ നടപടിയായി ഡിജിപി ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് അറിയിപ്പ് നൽകി. എന്നാൽ, 5 പേരുടെ പട്ടിക മാത്രമാണ് ആഭ്യന്തര വകുപ്പ് ഡിജിപിക്ക് നൽകിയത്. പട്ടികയിൽ ഉണ്ടായിരുന്ന വനിത എസ് ഐ ഉൾപ്പെടെ നാല് പേരെ കാരണമില്ലാതെ ഒഴിവാക്കുകയായിരുന്നു. പട്ടികയിൽ ഉൾപ്പെട്ടവർക്കാകട്ടെ ഒരു വർഷത്തേക്ക് മാത്രമായിരിക്കും ഡെപ്യൂട്ടേഷനെന്നും ഉത്തരവിൽ പറയുന്നു.
സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ ഈ നടപടി പലവിധത്തിലുള്ള സംശയങ്ങൾക്ക് കാരണമാകുന്നുണ്ട്. പട്ടികയിൽ നിന്നും സംസ്ഥാന ആഭ്യന്തര വകുപ്പ് ഒഴിവാക്കിയവർ ഇടതുപക്ഷത്തോട് അനുഭാവം പ്രകടിപ്പിക്കാത്തവരാണ് എന്നതാണ് ഒരു ആരോപണം. ദേശീയ അന്വേഷണ ഏജൻസിയിലും പാർട്ടിക്കാർ മതി എന്ന് ചിന്തിക്കുന്ന സിപിഎമ്മിന്റെ സ്വജന പക്ഷപാതമാണ് ഇതിന് പിന്നിലെന്നും ആരോപണങ്ങൾ ഉയരുന്നു.








