ബംഗളൂരു : പോലീസ് ജീപ്പിൽ ഒന്ന് കറങ്ങി നടക്കണമെന്നായിരുന്നു 45 കാരനായ നാഗപ്പയുടെ ഏറെ കാലമായിട്ടുള്ള മോഹം. എന്നാൽ ഇതിന് ഒരു അവസരം ലഭിച്ചത് കഴിഞ്ഞ ദിവസമാണ്. ഇതോടെ സ്‌റ്റേഷനിൽ നിന്ന് ജീപ്പെടുത്തു. പിന്നെ കറക്കം നിർത്തിയത് 112 കിലോമീറ്റർ ദൂരം താണ്ടിയ ശേഷമാണ്.
കർണാടയിലെ ധർവാഡ് സ്വദേശിയായ നാഗപ്പ ഹദപാദാണ് പോലീസ് ജീപ്പുമായി സ്ഥലം വിട്ടത്. ബുധനാഴ്ച പുലർച്ചെ മൂന്നരയോടെ അന്നിഗേരി പോലീസ് സ്‌റ്റേഷനിൽ നിന്ന് ജീപ്പെടുത്ത് നാഗപ്പ മുങ്ങി. പോലീസ് ജീപ്പ് ഓടിക്കണമെന്ന ആഗ്രഹവുമായി ഇയാൾ എപ്പോഴും സ്റ്റേഷന് സമീപം കറങ്ങി നടക്കാറുണ്ട്. സമയം ഒത്തുവന്നതോടെ നേരെ ജീപ്പെടുത്ത് പുറപ്പെട്ടു. താക്കോൽ ജീപ്പിൽ തന്നെയുണ്ടായിരുന്നത് ജോലി എളുപ്പമാക്കി.
ജീപ്പ് കാണാതായതോടെ പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും, പോലീസിനെ വട്ടംചുറ്റിച്ച ഇയാൾ 112 കിലോമീറ്റർ പിന്നിട്ട് തൊട്ടടുത്ത ജില്ലയായ ഹവേരിയിലാണ് ഓട്ടം അവസാനിപ്പിച്ചത്.
രാവിലെ ആറുമണിയോടെ ഹവേരി ജില്ലയിലെ മൊട്ടേബെന്നൂരിലെത്തിയ നാഗപ്പ ജീപ്പ് റോഡരികിൽ നിർത്തി വണ്ടിക്കുള്ളിലിരിന്നു. ഏറെനേരം കഴിഞ്ഞിട്ടും പുറത്തിറങ്ങാതായതോടെ സംശയം തോന്നിയ പ്രദേശവാസികൾ മൊട്ടേബെന്നൂർ പോലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പോലീസെത്തി നടത്തിയ പരിശോധനയിൽ ഇത് അന്നിഗേരി സ്റ്റേഷനിലേതാണെന്ന് കണ്ടെത്തി. ജീപ്പ് പോലീസ് സ്‌റ്റേഷനിൽ നിന്ന് മോഷ്ടിച്ചതാണെന്ന് ഇയാൾ തന്നെ സമ്മതിച്ചു. തുടർന്ന് അന്നിഗേരി പോലീസ് എത്തി ഇയാളെ പിടികൂടി.
Discussion about this post