മുംബൈ: വ്യവസായ ഭീമൻ മുകേഷ് അംബാനിക്കും ഹിന്ദി ചലച്ചിത്ര താരങ്ങളായ അമിതാഭ് ബച്ചനും ധർമേന്ദ്രക്കും വധഭീഷണി. മൂവരുടെയും വീടുകൾ ബോംബ് വെച്ച് തകർക്കുമെന്ന് മുംബൈ പോലീസിനെ അജ്ഞാതൻ ടെലിഫോണിലൂടെ അറിയിച്ചു.
പാൽഘറിലെ ശിവാജി നഗർ മേഖലയിൽ നിന്നാണ് ഭീഷണി കോൾ എത്തിയിരിക്കുന്നതെന്ന് അന്വേഷണത്തിൽ പോലീസിന് ബോദ്ധ്യമായി. നാഗ്പൂരിലെ ലകഡ്ഗഞ്ച് പോലീസ് സ്റ്റേഷനിൽ, കണ്ട്രോൾ റൂം നമ്പറായ 112ലാണ് അജ്ഞാതന്റെ കോൾ വന്നത്.
മുംബൈയിലെ പ്രമുഖരെ വകവരുത്താൻ 25 പേരുടെ സംഘമാണ് എത്തിയിരിക്കുന്നതെന്ന് ഭീഷണി കോളിൽ പറയുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ മുംബൈയിൽ സുരക്ഷ ശക്തമാക്കി.
മുകേഷ് അംബാനിക്ക് ഭീഷണിയുള്ളതിനാൽ അദ്ദേഹത്തിനും അടുത്ത ബന്ധുക്കൾക്കും രാജ്യത്തിന് അകത്തും പുറത്ത് സെഡ് പ്ലസ് കാറ്റഗറി സുരക്ഷ നൽകാനുള്ള തീരുമാനം കഴിഞ്ഞ ദിവസം സുപ്രീം കോടതി അംഗീകരിച്ചിരുന്നു. ഇതിന് തൊട്ട് പിന്നാലെ ഭീഷണി എത്തിയതിനെ പോലീസ് വളരെ ശ്രദ്ധയൊടെയാണ് കാണുന്നത്.








