മറ്റൊരു വേനല്‍ കൂടി വന്നെത്തിയിരിക്കുകയാണ്. പകലും രാത്രിയുമൊക്കെ ഒരുപോലെ ഉഷ്ണത്താല്‍ ഉരുകുന്ന അവസ്ഥ ഇപ്പോള്‍ തന്നെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഉണ്ട്. അതിനൊപ്പം പകല്‍സമയത്തെ താപനില വര്‍ദ്ധന കണക്കിലെടുത്ത് സൂര്യാഘാതം ഒഴിവാക്കാന്‍ വെയിലത്ത് ജോലി ചെയ്യുന്നവരുടെ തൊഴില്‍ സമയം പുനഃക്രമീകരിക്കാന്‍ അധികൃതരും തീരുമാനിച്ചിരിക്കുന്നു.
ഈ സാഹചര്യത്തില്‍ കഠിനമായ ചൂടില്‍ നിന്നും രക്ഷപ്പെടാന്‍ എന്തൊക്കെ മുന്‍കരുതലുകള്‍ എടുക്കാം, സൂര്യതാപം അടക്കമുള്ള ആപത്തുകളില്‍ നിന്നും ശരീരത്തെ എങ്ങനെ സംരക്ഷിക്കാം എന്നിവ സംബന്ധിച്ച് ദേശീയ ദുരന്ത നിവാരണ അതോറിറ്റി നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം.
- വെയിലത്ത് പുറത്തിറങ്ങുന്നത് കുറയ്ക്കുക, പ്രത്യേകിച്ച് പകല്‍ 12 മണിക്കും മൂന്നുമണിക്കും ഇടയിലുള്ള സമയത്ത്.
- ദാഹിക്കുന്നില്ലെങ്കില്‍ കൂടിയും ഇടയ്ക്കിടക്ക് ആവശ്യത്തിന് വെള്ളം കുടിക്കുക.
- കനം കുറഞ്ഞ, ഇളം നിറങ്ങളിലുള്ള, ഇഴയടുപ്പം കുറഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുക. പുറത്തിറങ്ങുമ്പോള്‍ സണ്‍ഗ്ലാസുകള്‍, കുട, തൊപ്പി, ചെരുപ്പ് തുടങ്ങി ചൂടില്‍ നിന്ന് സംരക്ഷിക്കാനുള്ള ഉപാധികളുമായി ഇറങ്ങുക.
- കഠിനമായ ചൂടില്‍ ജോലി പോലും പാടില്ല എന്ന് പറയുമ്പോള്‍ കളികള്‍ ഉള്‍പ്പടെ വിനോദങ്ങളില്‍ ഏര്‍പ്പെടരുതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
- യാത്ര ചെയ്യുമ്പോള്‍ എപ്പോഴും വെള്ളം കയ്യില്‍ കരുതുക.
- ശരീരത്തിലെ ജലാംശം ഇല്ലാതാക്കുന്ന മദ്യം, ചായ, കാപ്പി, കാര്‍ബണേറ്റഡ് ശീതളപാനീയങ്ങള്‍ പരമാവധി ഒഴിവാക്കുക.
- ഉയര്‍ന്ന അളവില്‍ പ്രോട്ടീനുള്ള ഭക്ഷണവും പഴകിയ ഭക്ഷണവും ഒഴിവാക്കുക.
- വെയിലത്ത് ജോലി ചെയ്യേണ്ട അവസരങ്ങളില്‍ തൊപ്പിയോ കുടയോ ഉപയോഗിക്കുക. മാത്രമല്ല തല, കഴുത്ത്, മുഖം, കൈകള്‍ തുടങ്ങി വെയിലേല്‍ക്കുന്ന ഭാഗങ്ങള്‍ ഈർപ്പമുള്ള തുണി കൊണ്ട് മറയ്ക്കുക.
- ഒരിക്കലും കുട്ടികളെയും വളര്‍ത്തുമൃഗങ്ങളെയും തുറസ്സായ ഇടങ്ങളില്‍ പാര്‍ക്ക് ചെയ്ത വാഹനങ്ങളില്‍ തനിച്ചാക്കി പോകരുത്.
- തലകറങ്ങുന്നതായോ, സുഖമില്ലാതെയോ തോന്നിയാല്‍ ഉടന്‍ ഡോക്ടറെ കാണുക.
- ഒആര്‍എസ്, വീട്ടിലുണ്ടാക്കിയ മോര്, കഞ്ഞിവെള്ളം, നാരാങ്ങാവെള്ളം, ലസ്സി തുടങ്ങിയവ ശരീരം തണുപ്പിക്കാനും ശരീരത്തിലെ ജലാംശം വര്‍ധിപ്പിക്കാനും നല്ലതാണ്.
- വേനല്‍ക്കാലത്ത് വളര്‍ത്തുമൃഗങ്ങള്‍ക്കും തണലുള്ള, തണുപ്പുകള്‍ ഇടങ്ങള്‍ കണ്ടെത്തണം. ആവശ്യത്തിന് വെള്ളം നല്‍കുകയും വേണം.
- കര്‍ട്ടനുകള്‍, ഷട്ടറുകള്‍, സണ്‍ഷെയ്ഡ് എന്നിവയാല്‍ വീട്ടിനുള്ളില്‍ പരമാവധി തണുപ്പ് നിലനിര്‍ത്തുക. രാത്രിയില്‍ ജനലുകള്‍ തുറന്നിടുക.
- ഫാനുകള്‍, തണുപ്പ് നല്‍കുന്ന വസ്ത്രങ്ങള്‍ എന്നിവ ഉപയോഗിക്കുക. തണുത്ത വെള്ളത്തില്‍ കുളിക്കുക.
- തണുപ്പുള്ള സ്ഥലങ്ങളില്‍ നിന്നും പെട്ടെന്ന് ചൂടുള്ള സ്ഥലങ്ങളിലേക്ക് എത്തിയവര്‍ക്ക് സൂര്യാഘാതം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അവര്‍ സ്ഥലത്തെത്തി ഒരാഴ്ച വെയിലത്ത് ഇറങ്ങാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
സൂര്യാഘാതം ഉണ്ടായാല്‍ എന്തുചെയ്യണം
ഒരാള്‍ക്ക് സൂര്യാഘാതം ഉണ്ടായാല്‍ അയാളെ ആദ്യം തന്നെ തണുത്ത, തണലുള്ള ഒരു സ്ഥലത്ത് കിടത്തണം. പിന്നീട് നനഞ്ഞ തുണി കൊണ്ട് ശരീരം ഇടക്കിടയ്ക്ക് തുടയ്ക്കുക. തലയിലും വെള്ളം ഒഴിക്കുക. ശരീര താപനില സാധാരണ നിലയിലേക്ക് കൊണ്ടുവരിക എന്ന ഉദ്ദേശത്തോടെയാണ് ഇങ്ങനെയൊക്കെ ചെയ്യുന്നത്.
സൂര്യഘാതം വന്നവര്‍ക്ക് പെട്ടെന്ന് തന്നെ ഒആര്‍എസോ നാരങ്ങാവെള്ളമോ മോരോ കുടിക്കാന്‍ നല്‍കുക. ശരീരത്തിലെ ജലാംശം വീണ്ടെടുക്കാന്‍ വേണ്ടിയാണിത്.
ഇവരെ എത്രയും വേഗം അടുത്തുള്ള ആരോഗ്യകേന്ദ്രത്തില്‍ എത്തിക്കുകയാണ് അടുത്തതായി ചെയ്യേണ്ടത്.
Discussion about this post