പാകിസ്താനുമായി അതിർത്തി പങ്കിടുന്ന നാല് സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശത്തും മോക്ഡ്രിൽ നടത്താൻ നിർദ്ദേശിച്ച് കേന്ദ്രസർക്കാർ. പഞ്ചാബ്,ഗുജറാത്ത്,രാജസ്ഥാൻ,ഹരിയാന,ജമ്മുകശ്മീർ, എന്നിവടങ്ങളിലാണ് മോക് ഡ്രിൽ നടത്തുന്നത്. ഓപ്പറേഷൻ സിന്ദൂരിന് പിന്നാലെ പാക് സൈന്യത്തിൽ നിന്നും തുടർച്ചയായി ആക്രമണങ്ങൾ ഉണ്ടായ അതിർത്തി പ്രദേശങ്ങളിലാണ് മോക് ഡ്രിൽ നടത്തുന്നതെന്ന് കേന്ദ്രം അറിയിച്ചു.
മോക് ഡ്രിൽ അറിയിപ്പ് ലഭിച്ചതോടെ ഓപ്പറേഷൻ സിന്ദൂരിന്റെ രണ്ടാം പതിപ്പിന് രാജ്യം ഒരുങ്ങുകയാണോ എന്ന രീതിയിൽ ചർച്ച സോഷ്യൽമീഡിയയിൽ ആരംഭിച്ചുകഴിഞ്ഞു. രാജ്യവ്യാപകമായി മോക്ഡ്രിൽ നടത്താനായി കേന്ദ്രം നിർദ്ദേശിച്ച് അതിനുള്ള ഒരുക്കങ്ങൾ തകൃതിയായി നടന്നിരുന്നു. വിവിധസംസ്ഥാനങ്ങളിലെ 244 ജില്ലകളും കേന്ദ്രആഭ്യന്തരമന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം മോക്ഡ്രില്ലുകൾ നടത്തിയിരുന്നു. ഓപ്പറേഷൻ സിന്ദൂരിലൂടെ ഇന്ത്യ പഹൽഗാമിലേറ്റ മുറിവിന് മറുപടി പറഞ്ഞത്.
യുദ്ധ സമാനമായ സാഹചര്യങ്ങളിൽ അടിയന്തര തയ്യാറെടുപ്പും പ്രതിരോധവും ശക്തിപ്പെടുത്തുന്നതിനായാണ് മോക് ഡ്രില്ലുകൾ സംഘടിപ്പിക്കുന്നത്. വ്യാഴാഴ്ച വൈകിട്ട് 5 മണി മുതൽ രാത്രി 9 മണി വരെയായിരിക്കും മോക് ഡ്രിൽ സംഘടിപ്പിക്കുക. കേന്ദ്രസിവിൽ ഡിഫൻസാണ് മോക്ഡ്രില്ലിന് നേതൃത്വം നൽകുന്നത്.
രാജസ്ഥാനിലെ നാല് അതിർത്തി ജില്ലകളായ ജയ്സാൽമീർ, ബാർമർ, ശ്രീ ഗംഗാനഗർ, ബിക്കാനീർ എന്നിവിടങ്ങളിൽ മെയ് 29 ന് മോക്ക് ഡ്രിൽ നടത്തുമെന്ന് ബാർമർ ജില്ലാ കലക്ടർ ടിന ദാബി പറഞ്ഞു. പാകിസ്താനുമായി അതിർത്തി പങ്കിടുന്ന ജയ്സാൽമീർ ജില്ലയിൽ ഇതിനായി പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അതേ സമയം സംസ്ഥാനത്തിന്റെ അടിയന്തര തയ്യാറെടുപ്പ് പരിശോധിക്കുന്നതിനും പ്രതികരണ ശേഷി വർദ്ധിപ്പിക്കുന്നതിനായും ഹരിയാന സർക്കാർ മെയ് 29 ന് വൈകുന്നേരം 5 മണി മുതൽ ഹരിയാനയിലെ 22 ജില്ലകളിലും ‘ഓപ്പറേഷൻ ഷീൽഡ്’ സംഘടിപ്പിക്കും.
Discussion about this post