ലഖ്‌നൗ : ഉത്തർപ്രദേശിൽ കുറ്റവാളികൾക്കെതിരെ പോലീസ് കടുത്ത നടപടികളിലേക്ക് കടന്നതിന്റെ ഭാഗമായി കഴിഞ്ഞ 24 മണിക്കൂറുകൾക്കുള്ളിൽ 10 എൻകൗണ്ടറുകൾ ആണ് ഉത്തർപ്രദേശിൽ നടന്നത്. സംസ്ഥാനത്തെ 8 വ്യത്യസ്ത നഗരങ്ങളിലായി നടന്ന ഏറ്റുമുട്ടലുകളിൽ നിരവധി ക്രിമിനലുകളെ പോലീസ് പിടികൂടി. ഏറ്റുമുട്ടലിനെ തുടർന്ന് ഏതാനും പ്രതികൾക്ക് വെടിയേൽക്കുകയും പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെങ്കിലും കുറ്റവാളികളെ ജീവനോടെ പിടികൂടാൻ ഉള്ള യുപി പോലീസിന്റെ ശ്രമം വിജയകരമായി നടന്നു.
പോലീസ് 25,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്ന ഒരു കുറ്റവാളിയെ ഉൾപ്പെടെ ഉത്തർപ്രദേശ് പോലീസ് പിടികൂടിയിട്ടുണ്ട്. ലഖ്‌നൗവിൽ നടത്തിയ ഏറ്റുമുട്ടലിലൂടെ ഒരു ബലാത്സംഗ കേസ് പ്രതിയെയും പോലീസ് പിടികൂടി. ഝാൻസി, ബുലന്ദ്ഷഹർ, ബാഗ്പത്, ആഗ്ര, ജലൗൺ, ബല്ലിയ, ഉന്നാവോ എന്നിവിടങ്ങളിലും പോലീസും കുറ്റവാളികളും തമ്മിൽ ഏറ്റുമുട്ടൽ നടന്നു.
കുറ്റകൃത്യങ്ങളുടെ നീണ്ട ചരിത്രം ഉള്ള ക്രിമിനലുകൾക്കെതിരെ ഉത്തർപ്രദേശ് പോലീസ് നടത്തുന്ന ഓപ്പറേഷൻ ലാംഗ്ഡയുടെ ഭാഗമായാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഏറ്റുമുട്ടലുകൾ നടന്നത്. ഗാസിയാബാദിൽ ഏറ്റുമുട്ടലിനിടെ കൊലക്കേസ് പ്രതിയുടെ കാലിന് വെടിയേറ്റു. ബല്ലിയയിൽ നടന്ന ഏറ്റുമുട്ടലിലും കുറ്റവാളിക്ക് വെടിയേറ്റിട്ടുണ്ട്. സംസ്ഥാനത്തെ കുറ്റകൃത്യങ്ങൾ നിയന്ത്രിക്കുന്നതിനായി ശക്തമായ നടപടികൾ സ്വീകരിക്കാനുള്ള യോഗി ആദിത്യനാഥ് സർക്കാരിന്റെ തീരുമാനപ്രകാരമാണ് യുപി പോലീസ് ഓപ്പറേഷൻ ലാംഗ്ഡക്ക് തുടക്കമിട്ടിരിക്കുന്നത്.
Discussion about this post