ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് പിറന്നാൾ ദിനത്തിൽ ഒട്ടകത്തെ സമ്മാനിച്ച് ഡി എം കെ പ്രവർത്തകർ. തിരുവണ്ണാമലൈ ജില്ലയിലെ പാർട്ടി പ്രവർത്തകരാണ് സ്റ്റാലിന് ഒട്ടകത്തെ സമ്മാനിച്ചത്. പാർട്ടി നേതാക്കളുടെ സാന്നിദ്ധ്യത്തിൽ കേക്ക് മുറിച്ചാണ് സ്റ്റാലിൻ എഴുപതാം പിറന്നാൾ ആഘോഷിച്ചത്.
കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ, ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, സമാജ് വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവ്, നാഷണൽ കോൺഫറൻസ് നേതാവ് ഫറൂഖ് അബ്ദുള്ള തുടങ്ങിയവർ ആഘോഷങ്ങളിൽ പങ്കാളികളായി. ആഘോഷങ്ങളെ തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനത്തിന് ശേഷം സ്റ്റാലിനെ ഫറൂഖ് അബ്ദുള്ള 2024ലെ പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി നിർദേശിച്ചു.
എന്നാൽ, ഫറൂഖ് അബ്ദുള്ളയുടെ നിർദേശത്തോട്, എവിടെയും തൊടാതെയുള്ള മറുപടിയായിരുന്നു കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ നൽകിയത്. ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം സഖ്യസർക്കാരായിരിക്കും കേന്ദ്രത്തിൽ അധികാരത്തിലെത്തുകയെന്നും കോൺഗ്രസ് ആയിരിക്കും സഖ്യസർക്കാരിനെ നയിക്കുകയെന്നും ഖാർഗെ കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു. ആരാണ് നയിക്കുക എന്നതിലല്ല, ഒരുമിച്ച് പോരാടുക എന്നതിലാണ് കാര്യമെന്നായിരുന്നു, സ്റ്റാലിന്റെ പിറന്നാളാഘോഷ വേളയിൽ ഖാർഗെയുടെ പ്രതികരണം.








