തിരുവനന്തപുരം: ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഐഎം- കോൺഗ്രസ് കൂട്ടുകെട്ടിനേറ്റ തിരിച്ചടിയിൽ പ്രതികരണവുമായി ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. ബിജെപി വിരുദ്ധ ക്യാമ്പയിൻ മുന്നോട്ടു കൊണ്ടു പോകാനുള്ള ശേഷി കോൺഗ്രസിനില്ലെന്ന് അദ്ദേഹം വിമർശിച്ചു. ത്രിപുരയിൽ രാഹുലോ പ്രിയങ്കയോ കാല് കുത്തിയിട്ടില്ല. കോൺഗ്രസ് വിട്ട് ബിജെപിയിൽ പോയവരെ തിരിച്ചെത്തിക്കാനും കഴിയുന്നില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി.
അതേസമയം ചരിത്രം തിരുത്തിയ ബിജെപിയെ ത്രിപുരയിൽ നിന്ന് കെട്ടു കെട്ടിക്കാനുള്ള സിപിഎം – കോൺഗ്രസ് സ്വപ്‌നമാണ് സംസ്ഥാനത്തെ വോട്ടർമാർ തകർത്തത്. ഭരണവിരുദ്ധ വികാമുണ്ടാവുമെന്ന് അവകാശപ്പെട്ട് കളത്തിലിറങ്ങിയ ഇരുപാർട്ടികൾക്കും വമ്പൻ പരാജയം ഏറ്റ് വാങ്ങേണ്ടി വന്നു.
സിപിഎമ്മിനെ കൂട്ടു പിടിച്ച് കോൺഗ്രസ് അൽപ്പമെങ്കിലും നേട്ടമുണ്ടാക്കിയപ്പോൾ അവശേഷിച്ച വോട്ട് വിഹിതവും നഷ്ടപ്പെടുത്താനായിരുന്നു സിപിഎമ്മിന്റെ വിധി. ബിജെപിയ്ക്ക് തലവേദനയാവുമെന്ന് കരുതിയ കൂട്ടുകെട്ട് ബൂമറാങ് പോലെ സിപിഎമ്മിനെ തിരിച്ചടിക്കുകയായിരുന്നു.








