റിയാദ് : യോഗാഭ്യാസത്തിന് പിന്തുണ നൽകുന്നതിന്റെ ഭാഗമായി കരാറുകളിൽ ഒപ്പുവെയ്ക്കാനൊരുങ്ങി സൗദി അറേബ്യ. രാജ്യത്തെ പ്രമുഖ സർവകലാശാലകളുമായി കരാറിലേർപ്പെടുമെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. റിയാദിൽ സ്പോർട്സ് ഫെഡറേഷൻ ഓഫ് സൗദി യൂണിവേഴ്സിറ്റീസ് സംഘടിപ്പിച്ച പരിപാടിയിൽ സൗദി യോഗ കമ്മിറ്റി പ്രസിഡന്റ് നൗഫ് അൽ മർവായ് ആണ് ഇക്കാര്യം അറിയിച്ചത്.
യൂണിവേഴ്‌സിറ്റി ഗെയിമുകളിൽ യോഗാസനം ഉൾപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം നൗഫ് അൽ മർവായ് വ്യക്തമാക്കി. എല്ലാതരം യോഗാസനങ്ങളിലും മികവ് പുലർത്തുന്ന കളിക്കാരുടെ കഴിവുകൾ കണ്ടെത്തുന്നതിലും പ്രാദേശിക, അന്തർദേശീയ ടൂർണമെന്റുകളിൽ പങ്കെടുക്കുന്നതിന് അവരെ സഹായിക്കുന്നതിലുമാണ് കമ്മിറ്റി ലക്ഷ്യമിടുന്നത്. സർവകലാശാലകളിൽ യോഗ ഒരു സ്ഥിര വിഷയമായി മാറണമെന്ന് അൽ-മർവായ് ആഹ്വാനം ചെയ്തു.
ശാരീരികവും മാനസികവുമായ ക്ഷേമം കൂടാതെ ആരോഗ്യം മികച്ച രീതിയിൽ നിലനിർത്താനും യോഗ സഹായിക്കുന്നു. വിഷൻ 2030 കൈവരിക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ടത്, കായിക മേഖലയിലെ പങ്കാളിത്തം വർദ്ധിപ്പിക്കുകയും കായിക മികവ് കൈവരിക്കുകയും ചെയ്യുക എന്നതാണെന്നും നൗഫ് അൽ മർവായ് കൂട്ടിച്ചേർത്തു.












