കഴിഞ്ഞ ദിവസമാണ് നടനും ചാനല്‍ അവതാരകനും റേഡിയോ ജോക്കിയുമായ മിഥുന്‍ രമേശ് താന്‍ ആശുപത്രിയിലാണെന്നും ചിരിക്കാനോ ഒരു വശത്തെ കണ്ണ് അടയ്ക്കാനോ സാധിക്കാത്ത അവസ്ഥയിലാണെന്നും ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെ വെളിപ്പെടുത്തിയത്. ബെല്‍സ് പാള്‍സി എന്ന രോഗമാണ് തന്നെ ബാധിച്ചതെന്നും മിഥുന്‍ വ്യക്തമാക്കി. പലരും ഈ രോഗത്തിന്റെ പേര് ആദ്യമായി കേള്‍ക്കുന്നത് അപ്പോഴാണ്. എന്നാല്‍ മുഖത്തെ പേശികളെ ബാധിക്കുന്ന ഈ രോഗം പുതിയൊരു അസുഖമൊന്നും അല്ല. പല രോഗികളിലും ഇത് പെട്ടെന്ന് വന്നുപോകുന്ന ഒരസുഖമാണ്. ചിലരില്‍ മാത്രം അതിന്റെ പ്രത്യാഘാതങ്ങള്‍ കുറച്ചധികം കാലമോ ചിലപ്പോള്‍ എന്നന്നേക്കുമായോ നിലനിന്നെന്നും വരാം.
എന്താണ് ഈ അസുഖമെന്നും അതിന്റെ ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്നും അറിയാം.
ബെല്‍സ് പാള്‍സി
മുഖത്തെ ഒരു വശത്ത് പേശികള്‍ക്ക് പെട്ടെന്നുണ്ടാകുന്ന തളര്‍ച്ച മൂലം സംഭവിക്കുന്ന അവസ്ഥയാണ് ബെല്‍സ് പാള്‍സി. തളര്‍ച്ച കാരണം മുഖത്തിന്റെ ഒരു വശം തൂങ്ങുകയോ കോടുകയോ ചെയ്യുന്നു. അതിനാല്‍ തന്നെ ചിരിക്കുമ്പോള്‍ ഒരു വശം കോടിപ്പോകുകയും ഈ ഭാഗത്തെ കണ്ണ് അടഞ്ഞുപോകുകയും ചെയ്യും. പലപ്പോഴും പേശികള്‍ക്കുണ്ടാകുന്ന ഊ തളര്‍ച്ച താല്‍ക്കാലികമായിരിക്കും. ആഴ്ചകള്‍ക്കുള്ളില്‍ തന്നെ ഈ അവസ്ഥ ഏറെക്കുറേ ഭേദപ്പെടുകയും ചെയ്യും.
അക്യൂട്ട് പെരിഫറല്‍ ഫേഷ്യല്‍ പാള്‍സിയെന്നും ഈ അസുഖത്തിന് പേരുണ്ട്. ഏത് പ്രായത്തില്‍ വേണമെങ്കിലും ഈ അസുഖം വരാം. ഇതിന്റെ യഥാര്‍ത്ഥ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല. മുഖത്തെ ഒരു വശത്തെ പേശികളെ നിയന്ത്രിക്കുന്ന നാഡികളില്‍ നീര്‍ക്കെട്ടോ ഇന്‍ഫ്‌ളമേഷനോ ഉണ്ടാകുന്നതാകാം ആ വശത്തെ പേശികള്‍ ദുര്‍ബലപ്പെടാനുള്ള കാരണമെന്ന് ഒരു അഭിപ്രായമുണ്ട്. വൈറല്‍ അസുഖങ്ങള്‍ പിടിപ്പെട്ടതിന് ശേഷം ഉണ്ടാകുന്ന റിയാക്ഷനായിരിക്കാം ഇതിന് കാരണമെന്നും പറയപ്പെടുന്നു.
ബെല്‍സ് പാള്‍സി ഉണ്ടായി ആഴ്ചകള്‍ക്കുള്ളില്‍ തന്നെ രോഗലക്ഷണങ്ങള്‍ ഭേദപ്പെട്ട് തുടങ്ങും. ഏതാണ്ട് ആറുമാസം കൊണ്ട് രോഗം പൂര്‍ണ്ണമായും മാറും. അതേസമയം ചുരുക്കം ചിലര്‍ക്ക് ജീവിതകാലം മുഴുവന്‍ ബെല്‍സ് പാള്‍സി ലക്ഷണങ്ങള്‍ അനുഭവപ്പെടാറുമുണ്ട്. ചിലരില്‍ ഒന്നിലേറെ തവണ ബെല്‍സ് പാള്‍സി ഉണ്ടായിട്ടുള്ളതായും റിപ്പോര്‍ട്ടുകളുണ്ട്.
ലക്ഷണങ്ങള്‍
വളരെ അപ്രതീക്ഷിതമായി, പെട്ടെന്നായിരിക്കും ബെല്‍സ് പാള്‍സി രോഗലക്ഷണങ്ങള്‍ പ്രകടമാകുക.
- ലക്ഷണങ്ങള്‍ തോന്നിത്തുടങ്ങി മണിക്കൂറുകള്‍ക്കുള്ളിലോ ദിവസങ്ങള്‍ക്കുള്ളിലോ ചെറിയ രീതിയില്‍ മുഖത്തെ ഒരു ഭാഗത്തിന് തളര്‍ച്ച സംഭവിക്കുകയോ ചിലപ്പോള്‍ മുഖത്തിന്റെ ഒരു വശം പൂര്‍ണ്ണമായും തളര്‍ന്നുപോകുകയോ ചെയ്യാം.
- മുഖം താഴേക്ക് തൂങ്ങിപ്പോകുക. ഭാവപ്രകടനങ്ങള്‍ക്കോ കണ്ണടയ്ക്കാനോ ചിരിക്കാനോ സാധിക്കാതെ വരിക.
- വായില്‍ നിന്ന് വെള്ളമൊലിക്കുക.
- താടിയെല്ലിനോ അസുഖമുള്ള ഭാഗത്തെ ചെവിക്ക് പുറകിലോ വേദന അനുഭവപ്പെടുക. ആ ഭാഗത്തെ ശബ്ദ സംവേദനം കൂടുക.
- തലവേദന
- രുചി നഷ്ടപ്പെടുക
- കണ്ണുനീരിന്റെയും ഉമിനീരിന്റെയും അളവില്‍ വ്യത്യാസങ്ങളുണ്ടാകുക.
അപൂര്‍വ്വം കേസുകളില്‍, ബെല്‍സ് പാള്‍സി മുഖത്തിന്റെ ഇരുവശത്തെയും പേശികളെ ബാധിക്കാറുണ്ട്.
ഡോക്ടറെ കാണേണ്ടതെപ്പോള്‍
സ്‌ട്രോക്കുണ്ടാകുമ്പോഴും ഇതേ രോഗലക്ഷണങ്ങള്‍ അനുഭവപ്പെടും എന്നതിനാല്‍ ലക്ഷണങ്ങള്‍ കണ്ടാല്‍ അപ്പോള്‍ത്തന്നെ ഡോക്ടറെ കാണുക. പക്ഷേ ലക്ഷണങ്ങള്‍ ഒന്നുതന്നെ ആണെങ്കിലും ബെല്‍സ് പാള്‍സി സ്‌ട്രോക്ക് കൊണ്ടല്ല സംഭവിക്കുന്നത്.
കാരണങ്ങള്‍
ബെല്‍സ് പാള്‍സി ഉണ്ടാകുന്നതിന്റെ യഥാര്‍ത്ഥ കാരണം ഇപ്പോഴും അജ്ഞാതമാണ്. എങ്കിലും വൈറല്‍ രോഗങ്ങളുടെ ഒരു പ്രത്യാഘാതമായിരിക്കും ഈ അവസ്ഥയെന്ന് പൊതുവായി പറയപ്പെടുന്നു. മുഖത്തെ പേശികളെ നിയന്ത്രിക്കുന്ന നാഡി, എല്ലുകള്‍ക്കിടയിലെ നേര്‍ത്ത ഇടനാഴിയിലൂടെയാണ് മുഖത്തെത്തുന്നത്. ബെല്‍സ് പാള്‍സിയില്‍, ഈ നാഡിക്ക് നീര്‍ക്കെട്ടോ ഇന്‍്ഫ്‌ളമേഷനോ സംഭവിക്കുന്നു. മിക്ക കേസുകളിലും ഇത് വൈറല്‍ രോഗങ്ങള്‍ കൊണ്ടാകാം. മുഖത്തെ പേശികളെ കൂടാതെ, കണ്ണുനീര്‍, ഉമിനീര്‍, രുചി, ചെവിക്കുള്ളിലെ ചെറിയ എല്ല് എന്നിവയെയും ബെല്‍സ് പാള്‍സി ബാധിക്കുന്നു.
ആര്‍ക്കൊക്കെ വരാം?
സാധാരണയായി ബെല്‍സ് പാള്‍സി കൂടുതലായി കണ്ടുവരുന്നത് താഴെപ്പറയുന്ന വിഭാഗക്കാരിലാണ്
- ഗര്‍ഭിണികള്‍, പ്രത്യേകിച്ച് പ്രവസവത്തിന് മുമ്പുള്ള മൂന്ന് മാസങ്ങളിലുള്ളവരിലോ പ്രസവം കഴിഞ്ഞ് ആദ്യ ആഴ്ചകളിലോ ഉള്ളവര്‍.
- ജലദോഷം, വൈറല്‍ പനി എന്നിവ ബാധിച്ചവരില്‍
- പ്രമേഹമുള്ളവരില്‍
- രക്തസമ്മര്‍ദ്ദം കൂടിയവരില്‍
- പൊണ്ണത്തടിയുള്ളവരില്‍
ഇടക്കിടക്ക് ബെല്‍സ് പാള്‍സി ഉണ്ടാകാനുള്ള സാധ്യത വിരളമാണ്. പക്ഷേ ചിലപ്പോള്‍ അങ്ങനെയും സംഭവിക്കാം. അങ്ങനെ ഇടക്കിടക്ക് ബെല്‍സ് പാള്‍സി വരുന്നവരില്‍ പാരമ്പര്യം ഒരു ഘടകമായിരിക്കാം എന്ന് പറയപ്പെടുന്നു.
സങ്കീര്‍ണ്ണതകള്‍
ചെറിയ തോതിലുള്ള ബെല്‍സ് പാള്‍സി ഒരു മാസം കൊണ്ടുതന്നെ ഭേദപ്പെടും. എന്നാല്‍ മുഖം പൂര്‍ണ്ണമായും തളര്‍ന്നുപോകുന്ന അവസ്ഥയില്‍ രോഗം ഭേദമാകുന്നത് കൃത്യമായി പറയാന്‍ കഴിയില്ല. രോഗവുമായി ബന്ധപ്പെട്ട മറ്റ് സങ്കീര്‍ണ്ണതകള്‍ ഇവയാണ്.
- മുഖത്തെ നാഡിക്കുണ്ടാകുന്ന തകരാര്‍
- നാഡീ ഫൈബറുകളുടെ ക്രമരഹിതമായ വളര്‍ച്ച. ഇതുമൂലം ചില പേശികള്‍ അനൈച്ഛികമായി ചലിക്കുന്നു. ചിരിക്കുമ്പോള്‍ കണ്ണടഞ്ഞ് പോകുന്നത് ഉദാഹരണമാണ്.
- ഭാഗികമോ പൂര്‍ണ്ണമോ ആയ കാഴ്ച നഷ്ടപ്പെടല്‍. ഇത് രോഗം ബാധിച്ച വശത്തെ കണ്ണിനായിരിക്കും.
Discussion about this post