കൊച്ചി : ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റ് മേഖലയിൽ വൻ തീപിടുത്തമുണ്ടായ സാഹചര്യത്തിൽ കൊച്ചി കോർപ്പറേഷന് പിഴ ചുമത്താനൊരുങ്ങി മലിനീകരണ നിയന്ത്രണ ബോർഡ്. 1.8 കോടി രൂപയാണ് പിഴ ചുമത്തുക. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യ കൂമ്പാരത്തിന് തീപിടിച്ചത് മൂലം വൻ പാരിസ്ഥിതിക ആഘാതമുണ്ടായെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. കോർപറേഷനെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതിന് ചീഫ് എൻജിനീയറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മലിനീകരണ നിയന്ത്രണബോർഡ് ചെയർമാൻ എ.ബി. പ്രദീപ് കുമാർ പറഞ്ഞു.
പരിസ്ഥിതിക്കുണ്ടായ ആഘാതവും മറ്റു നഷ്ടങ്ങളുമെല്ലാം വരുംദിവസങ്ങളിൽ കൂടുതലായി വിലയിരുത്തിയ ശേഷം കോർപറേഷന് വീണ്ടും പിഴ ചുമത്താനും നീക്കമുണ്ട്. 15 ദിവസത്തിനകം കോർപറേഷൻ വിശദീകരണം നൽകണമെന്നും നിർദ്ദേശമുണ്ട്. ഐ.ഐ.ടി. മദ്രാസുമായി ചേർന്ന് എയർ പ്യൂരിഫയർ സ്ഥാപിക്കുമെന്നും മലിനീകരണ നിയന്ത്രണബോർഡ് ചെയർമാൻ വ്യക്തമാക്കി.
അതേസമയം മാലിന്യ പ്ലാന്റിലെ തീയണയ്ക്കാനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കിയിട്ടുണ്ട്. രാവിലെ കൊച്ചി നഗരത്തിൽ മാലിന്യ പുകയ്ക്ക് ശമനമുണ്ട്. പാലാരിവട്ടം, കലൂർ, വൈറ്റില മേഖലകളിൽ അന്തരീക്ഷത്തിൽ നിന്ന് പുക നീങ്ങി. നഗരവാസികൾക്ക് ജില്ലാ ഭരണകൂടം ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇന്ന് വൈകീട്ടോടെ തീ അണയ്ക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.













Discussion about this post