തിരുവനന്തപുരം: കേരളത്തിൽ വേനൽച്ചൂട് കനക്കുന്നു. പാലക്കാട് ജില്ലയിലെ എരിമയൂരിലും, ഇടുക്കിയിലെ തൊടുപുഴയിലും 40 ഡിഗ്രി സെൽഷ്യസിന് മുകളിലാണ് ചൂട് രേഖപ്പെടുത്തിയത്. പാലക്കാട് 41 ഡിഗ്രി സെല്‍ഷ്യസും ഇടുക്കിയിൽ 40.3 ഡിഗ്രി സെൽഷ്യസുമാണ് ചൂട് രേഖപ്പെടുത്തിയത്. വരുന്ന അഞ്ച് ദിവസം കൂടി പകൽ താപനില ഉയർന്ന് നിൽക്കുമെന്നാണ് മുന്നറിയിപ്പ്. ശരാശരി താപനില 35 ഡിഗ്രി സെൽഷ്യസാണ്. ഉടൻ മഴയ്ക്ക് സാധ്യതയില്ലെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്.
ഉത്തരേന്ത്യയിലെ എതിർ ചക്രവാതച്ചുഴി കാരണം ചൂട് കൂടിയ വായും ഇങ്ങോട്ട് നീങ്ങിയതാണ് കേരളത്തിലെ കടുത്ത ചൂടിന് കാരണമെന്ന് കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാല റഡാർ സെന്റർ ഡയറക്ടർ ഡോ.എസ്.അഭിലാഷ് പറഞ്ഞു. ഇന്ത്യയിൽ ഈ നൂറ്റാണ്ടിലെ ഏറ്റവും ചൂടിയ ഫെബ്രുവരിയായിരുന്നു ഇക്കൊല്ലം കഴിഞ്ഞു പോയത്. വരും ദിവസങ്ങളിലും കഠിനമായ വേനൽച്ചൂട് തുടരുമെന്നും മുന്നറിയിപ്പുണ്ട്.











