നാഗ്പൂർ: ലൈംഗിക പീഡനത്തിന് ഇരയായ 15കാരി പ്രസവത്തെ കുറിച്ചുള്ള വീഡിയോകൾ കണ്ട് കാര്യങ്ങൾ മനസിലാക്കിയതിന് ശേഷം വീട്ടിൽ പ്രസവിച്ചു. പിന്നാലെ കുഞ്ഞിനെ ഇവർ കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. സമൂഹമാദ്ധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവാണ് പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയതെന്ന് പോലീസ് പറഞ്ഞു.
ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് പറഞ്ഞാണ് പെൺകുട്ടി അമ്മയിൽ നിന്നും തന്റെ ഗർഭം മറച്ചുവച്ചത്. വീടിനുള്ളിൽ തന്നെ കഴിഞ്ഞ പെൺകുട്ടി നിരന്തരം പ്രസവവുമായി ബന്ധപ്പെട്ട യൂട്യൂബ് വീഡിയോകൾ കണ്ടിരുന്നു. ഈ മാസം രണ്ടാം തിയതിയാണ് പെൺകുട്ടി കുഞ്ഞിന് ജന്മം നൽകിയത്. പ്രസവിച്ച ശേഷം കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി.
വീടിനുള്ളിലെ പെട്ടിയിലാണ് മൃതദേഹം ഒളിപ്പിച്ചിരുന്നത്. എന്നാൽ പെൺകുട്ടിയുടെ രീതികളിൽ സംശയം തോന്നിയ അമ്മ കുട്ടിയെ ചോദ്യം ചെയ്തതോടെയാണ് വിവരങ്ങൾ അറിയുന്നത്. ഉടനെ തന്നെ പെൺകുട്ടിയെ ആശുപത്രിയിൽ എത്തിക്കുകയും, കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടത്തിനായി അയക്കുകയും ചെയ്തു. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
Discussion about this post