ന്യൂഡൽഹി: പോലീസ് സ്‌റ്റേഷന്റെ മൂന്നാം നിലയിൽ നിന്ന് ചാടി 45കാരൻ ആത്മഹത്യ ചെയ്തു. ഉത്തം നഗർ സ്വദേശിയായ ആനന്ദ് വർമയാണ് മരിച്ചത്. ന്യൂഡൽഹിയിലെ കമല മാർക്കറ്റ് പോലീസ് സ്റ്റേഷനിലാണ് സംഭവം. ആനന്ദിനെതിരെ ലഭിച്ച പരാതിയിൽ ഇയാളെ ചോദ്യം ചെയ്യാനായി സ്‌റ്റേഷനിലേക്ക് വിളിച്ചു വരുത്തിയതായിരുന്നു. കെട്ടിടത്തിൽ നിന്ന് ചാടിയ ഉടനെ തന്നെ ഇയാളെ സമീപത്തെ ആശുപത്രിയിൽ പ്രവേശിച്ചിരുന്നു. ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
പതിനാല് ലക്ഷം രൂപ തട്ടിച്ചെന്ന കേസിൽ കുറ്റാരോപിതനാണ് ആനന്ദ് വർമ. കമല മാർക്കറ്റ് സ്റ്റേഷനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയത്. പിന്നാലെ ഇയാൾ കെട്ടിടത്തിന് മുകളിലേക്ക് ഓടിക്കയറിയതിന് ശേഷം താഴേക്ക് ചാടുകയായിരുന്നു.
അതേസമയം കൃത്യവിലോപം നടത്തിയതിന് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ അജിത് സിംഗിനെ സസ്‌പെൻഡ് ചെയ്തതായി പോലീസ് അറിയിച്ചു. ഇയാൾക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കുമെന്നും പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
Discussion about this post