ഭോപ്പാൽ: മദ്ധ്യപ്രദേശിൽ ശിവക്ഷേത്രത്തിന് നേരെ ആക്രമണം. ശിവലിംഗം അടിച്ചു തകർത്തു. സംഭവത്തിൽ പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചു.
ധമോഹ് ജില്ലയിലായിരുന്നു സംഭവം. ഇവിടെ പ്രദേശവാസികൾ ചേർന്നാണ് ഈ ക്ഷേത്രം നിർമ്മിച്ചത്. നിത്യേന ഇവിടെ പ്രദേശവാസികൾ ചെറിയ പൂജകളും നടത്താറുണ്ട്. ഇത്തരത്തിൽ രാവിലെ ജലാഭിഷേകം നടത്താനായി എത്തിയപ്പോഴായിരുന്നു ക്ഷേത്രം ആക്രമിക്കപ്പെട്ട നിലയിൽ കണ്ടത്. ഉടനെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് എത്തി സ്ഥലത്ത് പരിശോധന നടത്തി. ക്ഷേത്രത്തിനുള്ളിൽ നിന്നും ഒരു കൈച്ചെയിനും മദ്യ കുപ്പികളും കണ്ടെത്തിയിട്ടുണ്ട്. സാമൂഹ്യവിരുദ്ധരാണ് ആക്രമണം നടത്തിയത് എന്നാണ് പ്രാഥമിക നിഗമനം.
ക്ഷേത്രം തകർത്ത അക്രമി ശിവലിംഗത്തിന്റെ ഭാഗങ്ങൾ ദൂരെയുള്ള പെൺകുട്ടികളുടെ ഹോസ്റ്റൽ വളപ്പിൽ നിക്ഷേപിച്ചിരുന്നു. ഇതും കണ്ടെടുത്തിട്ടുണ്ട്. അക്രമികൾക്കായി പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പോലീസ് പരിശോധിച്ചുവരികയാണ്. കഴിഞ്ഞ വർഷം ഡിസംബറിലും ക്ഷേത്രത്തിന് നേരെ സമാനമായ രീതിയിൽ ക്ഷേത്രം ആക്രമിക്കപ്പെട്ടിരുന്നു. ഈ കേസിലെ പ്രതികൾ തന്നെയാണ് ഇക്കുറിയും ആക്രമണം അഴിച്ചുവിട്ടത് എന്നാണ് സൂചന.












