ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനും ആഗോള ഭീകരനുമായ ലഷ്‌കർ ഇ ത്വയ്ബ ഭീകര നേതാവുമായ ഹാഫിസ് സയീദിന്റെ വീട് മുൻപിലുണ്ടായ സ്‌ഫോടനത്തിൽ പ്രതികൾക്ക് ജീവപര്യന്തം. മൂന്ന് പേർക്കാണ് പാകിസ്താൻ ഭീകര വിരുദ്ധ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. 2021 ജൂൺ 23നായിരുന്നു ഹാഫിസ് സയീദിന്റെ വീടിന് മുൻപിൽ ആക്രമണം ഉണ്ടായത്.
സാമിയുൾ ഹഖ്, ഉസൈർ അക്ബർ, നവീദ് അക്തർ എന്നിവരാണ് കേസിലെ പ്രതികൾ. കഴിഞ്ഞ വർഷം ലാഹോറിലെ ഭീകര വിരുദ്ധ കോടതി ഇവർക്ക് വധശിക്ഷ വിധിച്ചിരുന്നു. ഇവർക്കെതിരെ ശക്തമായ തെളിവുകൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി വധ ശിക്ഷ വിധിച്ചത്. ഇതിന് പിന്നാലെ വധശിക്ഷയിൽ ഇളവ് വേണമെന്ന് ആവശ്യപ്പെട്ട് ഇവർ പാകിസ്താൻ ഭീകര വിരുദ്ധ കോടതിയെ സമീപിക്കുകയായിരുന്നു. ഇതോടെയാണ് വധ ശിക്ഷ ജീവപര്യന്തമായി കുറഞ്ഞത്. ഇതോടെ പ്രതികൾ 10 വർഷം തടവ് ശിക്ഷ അനുഭവിക്കണം.
ബോംബ് ആക്രമണ കേസിൽ ആകെ 9 പ്രതികളാണ് ഉള്ളത്. കഴിഞ്ഞ വർഷം ജനുവരിയിൽ പ്രതികളായ പീറ്റർ പോൾ ഡേവിഡ്, സജ്ജാദ് സാഹ്, സിയൗള്ള എന്നിവർക്ക് ലാഹോറിലെ ഭീകര വിരുദ്ധ കോടതി വധ ശിക്ഷ വിധിച്ചിട്ടുണ്ട്. കേസിലെ മറ്റൊരു പ്രതിയായ ആയിഷ ബീബിയ്ക്ക് അഞ്ച് വർഷത്തെ തടവ് ശിക്ഷയാണ് കോടതി വിധിച്ചത്.
ഹാഫിസ് സയീദിന്റെ വീടിന് നേരെയുണ്ടായ ആക്രമണത്തിൽ വൻ നാശനഷ്ടം ആയിരുന്നു സംഭവിച്ചിരുന്നത്. സ്‌ഫോടനത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടിരുന്നു. 20 പേർക്കായിരുന്നു പരിക്കേറ്റത്. നിരവധി വീടുകൾക്കും കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. ഇതിന് പുറമേ വാഹനങ്ങളും കത്തി നശിച്ചു.












