കൊച്ചി; ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലെ വിഷപ്പുക പത്താം നാളും തുടരുന്നു. പുക അണയക്കാനുള്ള ശ്രമം ഇപ്പോഴും തുടരുകയാണ്. പത്ത് ദിവസമായി നീണ്ടു നിൽക്കുന്ന വിഷപ്പുക ശ്വസിച്ച് നിരവധി പേരാണ് ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുന്നത്.
ഇതിനിടെ എല്ലാവരും മുൻകരുതലുകളെടുത്ത് സുരക്ഷിതരായി ഇരിക്കാനുള്ള നിർദ്ദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് നടൻ പൃഥ്വിരാജ്. സ്വീകരിക്കേണ്ട മുൻകരുതലുകളും സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്.
കൊച്ചി നിവാസികൾ വിഷപ്പുക കാരണം ബുദ്ധിമുട്ടാൻ തുടങ്ങിയിട്ട് നാളുകളായെങ്കിലും അന്താരാഷ്ട്ര കാര്യങ്ങൾക്ക് വരെ അഭിപ്രായവും നിർദ്ദേശവും പറയുന്ന സാംസ്‌കാരിക നായകന്മാരും നടീനടന്മാരും ഒരു ചെറുവിരൽ അനക്കാൻ പോലും ശ്രമിക്കാത്തത് ഏറെ വിമർശനങ്ങൾക്ക് കാരണമായിരുന്നു.
വിഷപ്പുകയ്‌ക്കെതിരെ ആരും സംസാരിക്കാതെ വന്നതോടെ സമൂഹമാദ്ധ്യമ ഉപയോക്താക്കൾ, സെലിബ്രറ്റികളുടെ സമൂഹമാദ്ധ്യമ അക്കൗണ്ടുകൾക്ക് താഴെ വിമർശനവുമായി രംഗത്തെത്തിയിരുന്നു. വിമർശനം തെറിവിളിയിലേക്ക് വഴിമാറിയതോടെയാണ് പലരും ഉപദേശവുമായി രംഗത്തെത്തിയത്.












