അയോദ്ധ്യ: അയോദ്ധ്യയിൽ 465 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ നടപ്പാക്കാനുള്ള തീരുമാനത്തിന് അംഗീകാരം നൽകി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ക്ഷേത്രനിർമാണം പൂർത്തായികുന്നതോടെ അയോദ്ധ്യയിലെത്തുന്ന സഞ്ചാരികളുടെ എണ്ണം വർധിക്കാനുള്ള സാഹചര്യം കണക്കിലെടുത്താണ് നീക്കം. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സംസ്ഥാന മന്ത്രിസഭാ യോഗമാണ് തീരുമാനത്തിന് അംഗീകാരം നൽകിയത്.
എൻഎച്ച് 27 മുതൽ നയാ ഘട്ട് പഴയ പാലം വരെയുള്ള ധർമ്മപഥിന്റെ 2 കിലോമീറ്റർ ദൂരം വീതി കൂട്ടും. 65 കോടിയാണ് ഇതിനായി നീക്കി വച്ചിരിക്കുന്നത്. 9.02 കിലോമീറ്റർ നീളത്തിലൊരുങ്ങുന്ന പഞ്ച്‌കോസി പരിക്രമ മാർഗിന് 200 കോടി രൂപയും, 23.943 കിലോമീറ്റർ കോസി പരിക്രമ മാർഗ് നാലുവരിപ്പാതയാക്കാൻ 200 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. സുഗ്രീവ കോട്ട, അഷർഫി ഭവൻ, ദേവ്കാളി ഛോട്ടി, നാഗേശ്വർ ധാം, സ്വയംവേശ്വര് നാഥ്, ദന്തധവൻ കുണ്ഡ്, ജാനകി കുണ്ഡ്, മൗനി ബാബ ആശ്രമം, സീതാ കുണ്ഡ്, ദശരഥ് കുണ്ഡ് എന്നിവിടങ്ങളിൽ ടോയ്ലറ്റ് നിർമ്മാണം, വിശ്രമമുറി, മറ്റ് അടിസ്ഥാനസൗകര്യങ്ങളുടെ വികസനം എന്നിവയും നടപ്പാക്കും.
റായ്ബറേലിയിലെ എയിംസിന്റെ നിർമ്മാണം കണക്കിലെടുത്ത് റായ്ബറേലി ദൽമാവ് ഫത്തേപൂർ റോഡ് നാലുവരിപ്പാതയാക്കാനും തീരുമാനിച്ചിട്ടുണ്ട്. എയിംസിലേക്ക് ആളുകൾക്ക് അതിവേഗം എത്തിച്ചേരാനാകുക എന്ന ലക്ഷ്യത്തിലാണ് മന്ത്രിസഭയുടെ തീരുമാനം.









