കൊച്ചി: കക്കുകളി നാടകത്തിനെതിരെ ഇടവകകളിൽ സർക്കുലർ വായിച്ചു. സർക്കാരിനെതിരെയും സാംസ്‌കാരിക വകുപ്പിനെതിരെയും രൂക്ഷ വിമർശനമാണ് തൃശ്ശൂർ അതിരൂപതയുടെ സർക്കുലറിൽ ഉന്നയിച്ചിരിക്കുന്നത്. കക്കുകളി ഉന്നത കലാസൃഷ്ടിയെന്ന് വരുത്തി തീർക്കാനാണ് സർക്കാരിന്റെ ശ്രമം. ബ്രഹ്മപുരത്തെ മാലിന്യത്തെക്കാൾ ഹീനമാണ് ഇടത് സാംസ്‌കാരിക ബോധം. ഇടത്പക്ഷം മുന്നോട്ട് വയ്ക്കുന്ന സ്ഥാനാർത്ഥികളെ ജയിപ്പിക്കണോ എന്ന കാര്യം ഇനി ആലോചിക്കണം. ക്രൈസ്തവ വിശ്വാസികളേയും പുരോഹിതരേയും അപമാനിക്കുകയാണെന്നും സർക്കുലറിൽ പറയുന്നു. കക്കുകളി നാടകം നിരോധിക്കണമെന്ന് കളക്ടർമാരോട് ആഹ്വാനം ചെയ്യുന്നുവെന്നും തൃശൂർ അതിരൂപത വ്യക്തമാക്കി
കക്കുകളി നാടകത്തിനെതിരെ കെസിബിസിയും കഴിഞ്ഞ ദിവസം രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു. നാടകം സാംസ്‌കാരിക കേരളത്തിന് അപമാനമാണെന്ന് കെസിബിസി പുറത്തിറക്കിയ വാർത്താക്കുറിപ്പിലൂടെ പറയുന്നു. ചരിത്രത്തെ അപനിർമിക്കുന്ന സൃഷ്ടികളെ അംഗീകരിക്കാനാകില്ല. നാടകത്തിന്റെ പ്രദർശനം നിരോധിക്കാൻ സർക്കാർ ഇടപെടണം. അന്താരാഷ്ട്ര നാടക വേദിയിൽ അവസരം നൽകിയത് അപലപനീയമാണ്.
കമ്മ്യൂണിസ്റ്റ് സംഘടനകൾ നാടകത്തിന് നൽകുന്ന പ്രചാരണവും അപലപനീയമാണ്. നാടകം നിരോധിക്കാൻ സർക്കാർ ഇടപെടണം. ദുർബലരേയും പാവപ്പെട്ടവരേയും സഹായിക്കുന്നതാണ് സന്യാസിമഠങ്ങൾ. എന്നാൽ അതിനെ ചൂഷണകേന്ദ്രങ്ങളാക്കിയാണ് കക്കുകളി നാടകത്തിൽ ചിത്രീകരിച്ചിരിക്കുന്നത്. ഇതിനെ ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്നും കെസിബിസി പറയുന്നു.
Discussion about this post