കൊച്ചി: ബ്രഹ്‌മപുരം മാലിന്യപ്ലാന്റ് വിഷയത്തിൽ ആഞ്ഞടിച്ച് കേന്ദ്രസഹമന്ത്രി വി മുരളീധരൻ. ബ്രഹ്‌മപുരത്തെ സ്ഥിതിഗതികൾകേന്ദ്രസർക്കാരിനെ ബോധിപ്പിക്കുമെന്നും കേന്ദ്രം അനുവദിച്ച കോടികൾ എന്ത് ചെയ്‌തെന്ന് മാറി മാറി ഭരിച്ചവർ പറയണമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ നഗരങ്ങളുടെ നിലവാരമുയർത്താൻ നരേന്ദ്ര മോദി സർക്കാർ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി 2016 മുതൽ കോടിക്കണക്കിന് രൂപ അനുവദിച്ചിട്ടുണ്ട്. 166 കോടിയുടെ പശ്ചിമകൊച്ചി മലിനജല സംസ്‌കരണ പ്ലാന്റിന് അടക്കം എന്ത് സംഭവിച്ചു എന്ന് ഉത്തരവാദപ്പെട്ടവർ മറുപടി നല്കണം. കരാർ നല്കിയ വിവിധ പദ്ധതികളുടെ പുരോഗതി ജനങ്ങളോട് വിശദീകരിക്കാൻ മേയർ തയാറാവണവെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു.
മാലിന്യ സംസ്‌കരണത്തിൽ പൂർണ്ണമായും പരാജയപ്പെട്ട കൊച്ചി കോർപറേഷൻ പിരിച്ചു വിടണം.ചുരുങ്ങിയത് മേേേയരാട് എങ്കിലും രാജി വെക്കാൻ സിപിഎം നിർദ്ദേശിക്കണം.തിരഞ്ഞെടുത്ത ജനങ്ങളോട് ഇത്രയും ഉത്തരവാദിത്വം നിർവഹിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ധാർമികമായി ഈ അഴിമതിക്ക് കാരണക്കാരായ ആളുകൾക്കെതിരെ നടപടിയുണ്ടാകണമെന്ന് വി മുരളീധരൻ ആവശ്യപ്പെട്ടു.
കോവിഡ് കാലത്ത് വലിയ ഉപദേശം തന്നയാളാണ് മുഖ്യമന്ത്രി. ഈ വിഷയത്തിൽ ഒരക്ഷരം പോലും മിണ്ടുന്നില്ല. കോവിഡ് കാലത്ത് ചിരട്ട കമിഴ്ത്തി വെക്കണം ഇല്ലെങ്കിൽ കൊതുക് വരുമെന്ന് ഉപദേശിച്ച ആളാണ്. ഇതാണോ ക്യാപ്റ്റൻ ചെയ്യേണ്ട ജോലി? ജാള്യത ഉള്ളത് കൊണ്ടാണോ മുഖ്യമന്ത്രി വരാത്തത്. വൈക്കം വിശ്വന്റെ മരുമകന് മുഴുവൻ കരാറുകളും എഴുതി നൽകിയതിന്റെ ജാള്യതയാണെന്നും അദ്ദേഹം പറഞ്ഞു.
ഒരു നാടിന് നേതൃത്വം നൽകുന്ന വ്യക്തി ഇത്തരത്തിലുള്ള ഒരു ദുരന്തം സംഭവിക്കുമ്പോൾ അത് പരിഹരിക്കുന്നതിനുള്ള നടപടികളല്ലേ എടുക്കേണ്ടത്. അല്ലാതെ രണ്ട് മന്ത്രിമാരെ പറഞ്ഞയക്കുന്നു. അവർ എപ്പോ അണയ്ക്കാൻ സാധിക്കും എന്ന് പറയാൻ സാധിക്കില്ല എന്ന സമീപനം എടുക്കുന്നുവെന്ന് കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി.
Discussion about this post