മുംബൈ: നാഗ്പൂർ-മുംബൈ സമൃദ്ധി മഹാമാർഗിന്റെ ശേഷിക്കുന്ന നിർമ്മാണ പ്രവൃത്തികൾ അടുത്ത ആറ് മാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. എക്‌സ്പ്രസ് വേ യാഥാർത്ഥ്യമാകുന്നതോടെ മുംബൈയിലെ നഗരത്തിൽ നിന്ന് 701 കിലോമീറ്റർ അകലെയുള്ള നാഗ്പൂരിലേക്ക് 8 മണിക്കൂർ കൊണ്ട് എത്തിച്ചേരാനാകും. പദ്ധതിയുടെ ആദ്യഘട്ടമായ നാഗ്പൂർ-ഷിർദ്ദി പാത യാത്രക്കാർക്കായി തുറന്ന് നൽകിയിട്ടുണ്ട്. നഗരങ്ങൾ തമ്മിലുള്ള 800 കിലോമീറ്റർ ദൂരത്തിൽ 100 കിലോമീറ്ററിന്റെ കുറവും ഉണ്ടാകും.
പദ്ധതിയുടെ രണ്ടാം ഘട്ടമായ ഷിർദ്ദി-സിനാർ പാതയുടെ ഉദ്ഘാടനം ഉടൻ നിർവഹിക്കും. സിനാർ-മുംബൈ പാതയാണ് എക്‌സ്പ്രസ് വേയുടെ ശേഷിക്കുന്ന ഘട്ടം. ഇത് ആറ് മാസത്തിനുള്ളിൽ തന്നെ പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. 10 ജില്ലകൾ, 26 താലൂക്കുകൾ, 392 വില്ലേജുകൾ എന്നിവിടങ്ങളിലൂടെയാണ് എക്‌സ്പ്രസ് വേ കടന്നു പോകുന്നത്.
അതിവേഗ പാതയുടെ ആദ്യഘട്ടം കഴിഞ്ഞ ഡിസംബറിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്. നാഗ്പൂർ മുതൽ ഷിർദി വരെയുള്ള ആദ്യ ഘട്ടം 520 കിലോമീറ്റർ ദൈർഘ്യത്തിലാണ് ഉള്ളത്. ബാക്കിയുള്ള 181 കിലോമീറ്റർ ദൂരത്തിന്റെ പൂർത്തിയാകുന്നതോടെ മുംബൈയും നാഗ്പൂരും തമ്മിലുള്ള യാത്രാസമയത്തിൽ 10 മണിക്കൂറോളം കുറവ് വരും. നിലവിൽ ഇരു നഗരങ്ങളും തമ്മിൽ 17 മണിക്കൂറോളം യാത്രയുണ്ട്.
55,335 കോടി രൂപയോളം ചെലവിട്ടാണ് എക്‌സ്പ്രസ് വേയുടെ നിർമ്മാണം. അഞ്ച് മേൽപ്പാലങ്ങൾ, 33 വലിയ പാലങ്ങൾ, 274 ചെറിയ പാലങ്ങൾ, 8 റെയിൽവേ മേൽപ്പാലങ്ങൾ, 25 ഇന്റർചേഞ്ചുകൾ, 6 ടണലുകൾ, 189 അണ്ടർപാസുകൾ, ചെറുവാഹനങ്ങൾക്കുള്ള 110 അടിപ്പാതകൾ, മൃഗങ്ങൾക്കും കാൽനടയാത്രക്കാർക്കുമായി 209 അടിപ്പാതകൾ, വന്യമൃഗങ്ങളുടെ സഞ്ചാരത്തിനുള്ള ഓവർപാസുകൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. നിലവിൽ ആറ് വരിപ്പാതയായാണ് നിർമ്മാണം പുരോഗമിക്കുന്നത്. ഭാവിയിൽ ഇത് എട്ട് വരിപ്പാതയായി വികസിപ്പിക്കാനും സാധിക്കും.
എക്‌സ്പ്രസ് വേ തുറക്കുന്നതോടെ പ്രതിദിനം 30,000 മുതൽ 35,000 വരെ വാഹനങ്ങൾ ഈ പാതയിലൂടെ കടന്നു പോകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആദ്യഘട്ടത്തിന്റെ ഉദ്ഘാടനത്തിന് ശേഷം 50,000ത്തിലധികം വാഹനങ്ങൾ ഇത് വഴി കടന്നു പോയിരുന്നു.








