കൊച്ചി: വിഷപ്പുകയിൽ നീറുന്ന ബ്രഹ്‌മപുരം നിവാസികൾക്ക് സഹായഹസ്തവുമായി നടൻ മമ്മൂട്ടി. താരത്തിന്റെ കെയർ ആന്റ് ഷെയർ ടീമിന്റെ നേതൃത്വത്തിൽ മെഡിക്കൽ സംഘം കൊച്ചി നിവാസികൾക്ക് സഹായമൊരുക്കും ആലുവ രാജഗിരി ആശുപത്രിയിൽ നിന്നുള്ള മെഡിക്കൽ സംഘവുമായി ചേർന്ന് നാളെ മുതൽ മമ്മൂട്ടിയുടെ കെയർ ആന്റ് ഷെർ സൗജന്യ പരിശോധനകൾക്ക് തുടക്കമിടും.
ഡോ.ബിജു രാഘവന്റെ നേതൃത്വത്തിലാണ് സഞ്ചരിക്കുന്ന മെഡിക്കൽ യൂണിറ്റുകളുടെ പ്രവർത്തനം. ഇവയിൽ നിന്ന് ലഭിക്കുന്ന പരിശോധന വിവരങ്ങൾ വിലയിരുത്താൻ ആശുപത്രിയിൽ മെഡിക്കൽ സൂപ്രണ്ട് ഡോ.സണ്ണി.പി.ഓരത്തെൽ, ശ്വാസകോശ വിഭാഗത്തിലെ ഡോ.വി.രാജേഷ് എന്നിവരുടെ നേതൃത്വത്തിൽ മെഡിക്കൽ ടീമിനെയും സജ്ജമാക്കിയിട്ടുണ്ട്.
പുക ഏറ്റവും കൂടുതൽ വ്യാപിച്ച പ്രദേശങ്ങളിലാണ് മരുന്നുകളും ഓക്സിജൻ കോൺസെൻട്രേറ്ററുകളും ഉൾപ്പെടെയുള്ളവയുമായി സഞ്ചരിക്കുന്ന മെഡിക്കൽ യൂണിറ്റ് പര്യടനം നടത്തുക.
ചൊവ്വാഴ്ച വടവുകോട് പുത്തൻകുരിശ് പഞ്ചായത്തിലെ ഒന്നാംവാർഡായ ബ്രഹ്‌മപുരത്താണ് വൈദ്യസംഘത്തിന്റെ പരിശോധന. ബുധനാഴ്ച കുന്നത്ത്നാട് പഞ്ചായത്തിലെ പിണർമുണ്ടയിലും വ്യാഴാഴ്ച തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയിലെ വടക്കേഇരുമ്പനം പ്രദേശത്തും പരിശോധനയുണ്ടാകും. വിദഗ്ദ്ധപരിശോധനയ്ക്കുള്ള സജ്ജീകരണങ്ങളൊരുക്കിയ വാഹനം വീടുകൾക്കരികിലെത്തും. ഇതിൽ ഡോക്ടറും നഴ്സുമുണ്ടാകും. മരുന്നുകളും ആവശ്യമുള്ളവർക്ക് ഓക്സിജൻ കോൺസൻട്രേറ്ററുകളും സൗജന്യമായി നൽകുമെന്നാണ് വിവരം.












