കൊച്ചി: ബ്രഹ്മപുരം ദുരന്തവുമായി ബന്ധപ്പെട്ട് സംശയ നിഴലിൽ നിൽക്കുന്ന കരാർ കമ്പനി സോണ്ട ഇൻഫ്രാടെകിന്റെ ഡയറക്ടറുമായി പ്രമുഖ ദുരന്ത നിവാരണ വിദഗ്ദ്ധൻ മുരളി തുമ്മാരുകുടിക്ക് അടുത്ത ബന്ധം. ബ്രഹ്മപുരം വിഷയത്തിൽ മുരളി തുമ്മാരുകുടി മിണ്ടാതിരിക്കുന്നതെന്തെന്ന ചോദ്യം സോഷ്യൽ മീഡിയയിൽ ശക്തമായതിനു പിന്നാലെയാണ് സോണ്ട ഡയറക്ടറുമായി അദ്ദേഹത്തിനുള്ള ബന്ധം പുറത്തായത്. വിഷയത്തിൽ അദ്ദേഹം പിന്നീട് പ്രതികരിച്ചെങ്കിലും അതിന് കാരണക്കാരായ കരാർ കമ്പനിയുടെ കെടുകാര്യസ്ഥതയെക്കുറിച്ച് ഒന്നും പറഞ്ഞിരുന്നില്ല.
സോണ്ട ഇൻഫ്രാടെകിന്റെ ഡയറക്ടറായ ഡെന്നിസ് ഈപ്പൻ പുളിമറ്റത്തുമായാണ് മുരളി തുമ്മാരുകുടി അടുത്ത ബന്ധം പുലർത്തുന്നത്. അത് കാരണമാണ് ബ്രഹ്മപുരം വിഷയത്തിൽ പ്രതികരണം വളരെ താമസിച്ചതെന്നും വിഷയത്തിൽ നടന്ന കെടുകാര്യസ്ഥതയെപ്പെറ്റി ഒരക്ഷരം പ്രതികരണത്തിൽ ഉണ്ടാകാഞ്ഞതെന്നുമാണ് സോഷ്യൽ മീഡിയയിൽ ആരോപണം ഉയരുന്നത്.ഡെന്നിസ് ഈപ്പൻ പുളിമറ്റത്തെ ടാഗ് ചെയ്ത് മുരളി തുമ്മാരുകുടി നിരവധി കുറിപ്പുകളും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ബ്രഹ്മപുരം പ്ലാന്റിലെ തീപിടുത്തത്തെക്കുറിച്ചോ അതിനു കാരണക്കാരായവരെക്കുറിച്ചോ കരാർ എടുത്തതിനു ശേഷം വേണ്ട രീതിയിൽ ജോലി ചെയ്യാതെ സംശയ നിഴലിലായ സോണ്ട ഇൻഫ്രാടെക്കിനെക്കുറിച്ചോ മുരളി തുമ്മാരുകുടി ഒന്നും പറയാഞ്ഞത് കമ്പനി ഡയറക്ടർമാരുമായുള്ള അടുത്ത ബന്ധം മൂലമാണെന്ന് അദ്ദേഹത്തിന്റെ പോസ്റ്റുകളിൽ തന്നെ അഭിപ്രായം ഉയരുന്നുണ്ട്
അതേസമയം ബ്രഹ്മപുരത്ത് തീപിടിച്ചതിന്റെ കാരണം ജൈവമാലിന്യം നിക്ഷേപിച്ചത് കൊണ്ടാണെന്നും അതിന്റെ ഉത്തരവാദിത്വം തങ്ങൾക്കല്ലെന്നും സോണ്ട ഇൻഫ്രാടെക് എം.ഡി രാജ്കുമാർ ചെല്ലപ്പൻ പിള്ള പറഞ്ഞു. രാഷ്ട്രീയ ബന്ധം ഉപയോഗിച്ചല്ല ബ്രഹ്മപുരം കരാർ നേടിയതെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post