ന്യൂഡൽഹി : രാജ്യത്ത് കോവിഡ് കേസുകൾ വീണ്ടും വർദ്ധിക്കുന്ന സാഹചര്യത്തിൽ കൃത്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാനങ്ങൾക്ക് കത്തയച്ച് കേന്ദ്ര സർക്കാർ. കേരളം ഉൾപ്പെടെയുള്ള ആറ് സംസ്ഥാനങ്ങൾക്കാണ് കേന്ദ്രം ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്. കേരളം കൂടാതെ മഹാരാഷ്ട്ര, ഗുജറാത്ത്, തെലങ്കാന, തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങൾക്കാണ് കത്തയച്ചിരിക്കുന്നത്.
ചില സംസ്ഥാനങ്ങളിൽ വൈറസ് വ്യാപനം സൂചിപ്പിക്കുന്ന തരത്തിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൻ കത്തിൽ വ്യക്തമാക്കി. അതിനാൽ അണുബാധ നിയന്ത്രിക്കുന്നതിനും തടയുന്നതിനും ആവശ്യമായ സമീപനം തുടരേണ്ടതുണ്ട്. പരിശോധന, ചികിത്സ, ട്രാക്കിംഗ്, വാക്സിനേഷൻ എന്നിവ കാര്യക്ഷമമാക്കണമെന്ന് കത്തിൽ നിർദ്ദേശിക്കുന്നു.
ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച നിർദേശങ്ങൾ ഫലപ്രദമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും, രോഗത്തെ മികച്ച രീതിയിൽ കൈകാര്യം ചെയ്യുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും സംസ്ഥാനങ്ങളോട് ഉപദേശിച്ചു.
കഴിഞ്ഞ കുറച്ച് മാസങ്ങളായി കോവിഡ് കേസുകളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായതായി അദ്ദേഹം സൂചിപ്പിച്ചു. എന്നാൽ കഴിഞ്ഞ കുറച്ച് ആഴ്ചകളായി, രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ കേസുകളുടെ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. മാർച്ച് ആദ്യ ആഴ്ചയിൽ 2,082 കേസുകളും മാർച്ച് രണ്ടാം ആഴ്ചയിൽ 3,264 കേസുകളും രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മഹാമാരിക്കെതിരായ പോരാട്ടത്തിൽ ഇതുവരെ നേടിയ നേട്ടങ്ങൾ നഷ്ടപ്പെടുത്താതെ, അണുബാധ തടയുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് രാജേഷ് ഭൂഷൻ വ്യക്തമാക്കി.








