ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ചുഴലിക്കാറ്റ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഫ്രെഡി ചുഴലിക്കാറ്റിൽ ആഫ്രിക്കൻ രാജ്യമായ മലാവിയിൽ മാത്രം കൊല്ലപ്പെട്ടത് 326 പേരെന്ന് റിപ്പോർട്ട്. 37 ദിവസം തുടർച്ചയായി വീശിയടിച്ച ചുഴലിക്കാറ്റിൽ ആകെ കൊല്ലപ്പെട്ടവരുടെ എണ്ണം 400 കടന്നു. രണ്ട് ലക്ഷത്തിലധികം ആളുകൾക്കാണ് ചുഴലിക്കാറ്റിൽ വീട് നഷ്ടമായത്.
ചുഴലിക്കാറ്റിന്റെ ഫലമായി ഉണ്ടായ ശക്തമായ മഴയിൽ മലാവിയിലും മഡഗാസ്കറിലും സിംബാബ്വെയിലും ജനനീവിതം താറുമാറായി. ചുഴലിക്കാറ്റിന് നേരിയ ശമനമുണ്ടായ കഴിഞ്ഞ ദിവസം ചെളിയിലും മണ്ണിലും തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിലും നിന്ന് ലഭിച്ച അഴുകിത്തുടങ്ങിയ മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്കരിച്ചു.
കഴിഞ്ഞ ഫെബ്രുവരിയിൽ ആരംഭിച്ച ഫ്രഡി ചുഴലിക്കാറ്റ് മഡഗാസ്കറിലും മൊസാംബിക്കിലും നാശം വിതച്ച ശേഷമാണ് മലാവിയിൽ സംഹാരരൂപം പൂണ്ടത്. തുടർന്ന് ഇന്ത്യൻ മഹാസമുദ്രത്തിന് സമീപത്തേക്ക് നീങ്ങിയ കാറ്റിന്, അവിടെ നിന്നുമുള്ള ചൂട് കാറ്റിന്റെ സ്വാധീനത്താൽ ശക്തി വർദ്ധിച്ചു. ബുധനാഴ്ചയോടെ ഇതിന്റെ ശക്തി കുറഞ്ഞതിന്റെ ആശ്വാസത്തിലാണ് ലോകമെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.











