കൊല്ലം: പ്രസവ ശസ്ത്രക്രിയക്കിടെ സർജിക്കൽ മോപ്പ് വയറ്റിൽ വെച്ച് തുന്നിക്കെട്ടിയ സംഭവത്തിൽ നടപടിക്ക് സാദ്ധ്യത. എഴുകോൺ ഇ എസ് ഐ ആശുപത്രിയിലെ താത്കാലിക നഴ്സിംഗ് അസിസ്റ്റന്റ് ചിഞ്ചു രാജിന്റെ (31) പ്രസവ ശത്രക്രിയക്കിടെയാണ് സർജിക്കൽ മോപ്പ് വയറ്റിൽ വെച്ച് തുന്നിക്കെട്ടിയത്. സംഭവത്തിൽ ഡോക്ടർമാർ ഉൾപ്പെടെ നാല് പേർക്കെതിരെ നടപടി ഉണ്ടാകും എന്നാണ് റിപ്പോർട്ട്.
ഗൈനക്കോളജി വിഭാഗത്തിലെ ഡോക്ടർമാരായ ധന്യ, അഞ്ജന, നഴ്സുമാരായ ശശീന്ദ്ര, കല എന്നിവർ കുറ്റക്കാരാണെന്ന് ആശുപത്രി നടത്തിയ ആഭ്യന്തര അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. അന്വേഷണ റിപ്പോർട്ട് ഇ എസ് ഐ മെഡിക്കൽ കമ്മീഷണർക്കും മേഖലാ കമ്മീഷണർക്കും കൈമാറിയതായാണ് വിവരം.
അടിയന്തിര സാഹചര്യം ഇല്ലാതിരുന്നിട്ടും ധൃതിപിടിച്ച് ശസ്ത്രക്രിയ നടത്തുകയായിരുന്നു എന്ന ആരോപണവും ഉയരുന്നുണ്ട്. താത്കാലിക ഓപ്പറേഷൻ തിയേറ്ററിൽ വെച്ചായിരുന്നു ശസ്ത്രക്രിയ നടത്തിയത്. ഇവിടെ വേണ്ടത്ര ശീതീകരണ സംവിധാനമോ വെളിച്ചമോ ഉണ്ടായിരുന്നില്ല. ശസ്ത്രക്രിയക്ക് ഗൈനക്കോളജി വിഭാഗം മേധാവിയുടെ അനുമതി ഉണ്ടായിരുന്നില്ല എന്നും ആരോപണമുണ്ട്. നിലവിൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് ശസ്ത്രക്രിയക്ക് വിധേയയായ ചിഞ്ചു രാജ്.












