കണ്ണൂർ : സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനും വിജേഷ് പിള്ളയ്ക്കുമെതിരെ കേസെടുത്ത് തളിപ്പറമ്പ് പോലീസ്. ഗൂഢാലോചന, വ്യാജ രേഖ ചമക്കൽ, ലഹള ഉണ്ടാക്കാൻ ശ്രമിക്കൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഇരുവർക്കുമെതിരെ കേസെടുത്തിരിക്കുന്നത്.
പാർട്ടി നേതാക്കൾക്കെതിരേ അപവാദ പ്രചാരണം നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ. സന്തോഷ് തളിപ്പറമ്പ് പോലീസിൽ പരാതി നൽകിയരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. സിപിഎം നേതാക്കൾക്കെതിരേ ഗൂഢാലോചന നടക്കുന്നതായി പരാതിയിൽ പറയുന്നു. പ്രതിപക്ഷം സംസ്ഥാനത്ത് കലാപത്തിന് ശ്രമിക്കുന്നതായും പരാതിയിലുണ്ട്.
അതേസമയം കർണാടകയിലുള്ള സ്വപ്‌ന സുരേഷിനെ മൊഴിയെടുക്കാൻ വിളിപ്പിച്ചു. സ്വപ്നയും സരിത്തും മഹാദേവപുര പോലീസ് സ്റ്റേഷനിലുണ്ട്. വൈറ്റ് ഫീൽഡ് ഡിസിപിയും മഹാദേവപുര സ്റ്റേഷനിലെത്തുമെന്നാണ് ബംഗളൂരുവിൽ നിന്നുള്ള വിവരം.











