കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. മലദ്വാരത്തിലും അടിവസ്ത്രത്തിലും ഒളിപ്പിച്ച് 2.6 കിലോ സ്വർണം കടത്താൻ ശ്രമിച്ച രണ്ട് മലപ്പുറം സ്വദേശികൾ എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗത്തിന്റെ പിടിയിലായി.
ഇൻഡിഗോ വിമാനത്തിൽ കഴിഞ്ഞ ദിവസം രാവിലെ അബുദാബിയിൽ നിന്നെത്തിയ സജീർ ശരീരത്തിൽ രണ്ടിടത്തായാണ് സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്. 1158.55 ഗ്രാം സ്വർണമിശ്രിതം നാല് ക്യാപ്സ്യൂളുകളാക്കി ഇയാൾ ശരീരത്തിൽ ഒളിപ്പിച്ചിരുന്നു. കൂടാതെ, 636.85 ഗ്രാം സ്വർണം കുഴമ്പ് രൂപത്തിലാക്കി അടിവസ്ത്രത്തിൽ പൂശിയിരുന്നു.
ഇതിന് പുറമേ മലപ്പുറം സ്വദേശി അബ്ദുൾ സലീമിൽ നിന്നും 873.98 ഗ്രാം സ്വർണവും പിടികൂടി. ഇയാൾ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് അബുദാബിയിൽ നിന്നും നെടുമ്പാശേരിയിൽ എത്തിയത്. സ്വർണം ക്യാപ്സ്യൂളുകളാക്കി ശരീരത്തിൽ ഒളിപ്പിച്ചാണ് ഇയാൾ കടത്താൻ ശ്രമിച്ചത്. ഇരുവരിൽ നിന്നുമായി ഒന്നേകാൽ കോടിയോളം രൂപയുടെ സ്വർണമാണ് പിടികൂടിയിരിക്കുന്നത്.












