മൊഹാലി: ഖാലിസ്ഥാനി ഭീകരൻ അമൃത്പാൽ സിംഗിനായുളള പോലീസ് തിരച്ചിൽ തുടരുന്നു. നിയമം ലംഘിച്ച് ആയുധം കൈവശം വെച്ചതിന് അമൃത്പാൽ സിംഗിനെതിരെ പോലീസ് വീണ്ടും കേസ് രജിസ്റ്റർ ചെയ്തു. ആയുധ നിയമപ്രകാരമാണ് ഇന്നലെ രാത്രി പുതിയ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതെന്ന് അമൃത്സർ റൂറൽ എസ്എസ്പി സതീന്ദർ സിംഗ് പറഞ്ഞു.
അമൃത്പാൽ സിംഗിനായുളള തിരച്ചിലിനിടെ ഇന്നലെ ഇയാളുടെ കൂട്ടാളികളായ ഏഴ് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ നിന്ന് ആറ് തോക്കുകളും പിടിച്ചെടുത്തു. തുടർന്നാണ് പുതിയ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. പിടിയിലായവരിൽ ചിലർക്ക് പാകിസ്താൻ, ഐഎസ്‌ഐ ബന്ധമുണ്ടെന്നും പോലീസ് വെളിപ്പെടുത്തുന്നു.
ഇയാളെ രക്ഷപെടുന്നതിനിടെ പോലീസ് പിന്തുടർന്നതായും പോലീസിന് തടസം സൃഷ്ടിക്കാൻ റോഡിൽ സഞ്ചരിച്ച മറ്റ് വാഹനങ്ങൾ ഇടിച്ചിട്ട ശേഷമാണ് ഇയാൾ രക്ഷപെട്ടതെന്നും ഡിഐജി സ്വപൻ ശർമ്മ പറഞ്ഞു.
അതേസമയം റോഡുകളിൽ ഉൾപ്പെടെ വലിയ പരിശോധനയാണ് പോലീസ് നടത്തുന്നത്. ക്രമസമാധാന പ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കാൻ ഗുർദാസ്പൂർ, ലുധിയാന, മൊഹാലി തുടങ്ങിയിടങ്ങളിൽ പോലീസ് ഫ്‌ളാഗ് മാർച്ച് നടത്തി. മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് ഒരു ദിവസം കൂടി തുടരാനും നിർദ്ദേശിച്ചിട്ടുണ്ട്.
Discussion about this post