വിശാഖപട്ടണം: ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് സമ്പൂർണ്ണ പരാജയം. 10 വിക്കറ്റിനാണ് ഓസീസ് ഇന്ത്യയെ തോൽപ്പിച്ചത്. വെറ്ററൻ പേസർ മിച്ചൽ സ്റ്റാർക്കിന്റെ തകർപ്പൻ ബൗളിംഗാണ് ഇന്ത്യയെ വീഴ്ത്താൻ ഓസീസിനെ സഹായിച്ചത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ 26 ഓവറിൽ 117 റൺസിന് പുറത്തായി. മറുപടി ബാറ്റിംഗിൽ സന്ദർശകർ 11 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ അനായാസം ലക്ഷ്യം മറികടന്നു.
നാല് ഓവറിൽ ഒരു വിക്കറ്റിന് 32 റൺസ് എന്ന നിലയിൽ നിന്നാണ് ഇന്ത്യ 26 ഓവറിൽ 117ന് ഓൾ ഔട്ട് എന്ന അവസ്ഥയിലേക്ക് വീണത്. 31 റൺസെടുത്ത വിരാട് കോഹ്ലിക്കും 26 റൺസെടുത്ത അക്ഷർ പട്ടേലിനും മാത്രമാണ് ഇന്ത്യൻ നിരയിൽ അൽപ്പമെങ്കിലും പിടിച്ചു നിൽക്കാൻ സാധിച്ചത്. സ്റ്റാർക്ക് 5 വിക്കറ്റുമായി സംഹാര രൂപം പൂണ്ടപ്പോൾ, 3 വിക്കറ്റുമായി സീൻ അബോട്ടും 2 വിക്കറ്റുമായി നഥാൻ എല്ലിസും മികച്ച പിന്തുണ നൽകി. മികച്ച നിലവാരം പുലർത്തിയ ഓസീസ് ബൗളിംഗിനപ്പുറം നിരുത്തരവാദപരമായ ബാറ്റിംഗാണ് ഇന്ത്യയെ ഇത്രയും ചെറിയ സ്കോറിൽ ഒതുക്കിയത്. രോഹിത്തും ഗില്ലും സൂര്യകുമാർ യാദവും രാഹുലും പാണ്ഡ്യയും എല്ലാം പരാജയമായി. 4 ഇന്ത്യൻ ബാറ്റ്സ്മാന്മാർ പൂജ്യത്തിന് പുറത്തായി. ഇതിൽ 2 പേർ ഗോൾഡൻ ഡക്കാണ്.
ദുർബലമായ ടോട്ടൽ പിന്തുടർന്ന ഓസീസിന് എല്ലാം ചടങ്ങ് തീർക്കൽ മാത്രമായിരുന്നു. പന്തെടുത്ത എല്ലാ ഇന്ത്യൻ ബൗളർമാരെയും തല്ലിയൊതുക്കിയ ഓസീസ്, ഒച്ചപ്പാടും ബഹളവുമൊന്നും ഇല്ലാതെ മത്സരം പൂർത്തിയാക്കി. അപാര ഫോമിൽ കളിക്കുന്ന ഓപ്പണർ മിച്ചൽ മാർഷ് 36 പന്തിൽ 66 റൺസുമായും ട്രവിസ് ഹെഡ് 30 പന്തിൽ 51 റൺസുമായും പുറത്താകാതെ നിന്നു.
Discussion about this post