സിൽഹട്ട്: അയർലൻഡിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ബംഗ്ലാദേശ് വെറ്ററൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ മുഷ്ഫിക്കുർ റഹിമിന് അതിവേഗ സെഞ്ച്വറി. 60 പന്തിലാണ് റഹിം സെഞ്ച്വറി നേടിയത്. ഏകദിനത്തിൽ ഒരു ബംഗ്ലാദേശ് താരത്തിന്റെ ഏറ്റവും വേഗതയാർന്ന സെഞ്ച്വറിയാണ് ഇത്.
60 പന്തിൽ 14 ബൗണ്ടറികളും 2 സിക്സറുകളും അടങ്ങുന്നതായിരുന്നു മുഷ്ഫിക്കുർ റഹിമിന്റെ സെഞ്ച്വറി. ബംഗ്ലാദേശ് ഇന്നിംഗ്സിലെ അവസാന പന്തിലായിരുന്നു താരം മൂന്നക്കം തികച്ചത്. മുഷ്ഫിക്കുർ റഹിമിന് പുറമേ 73 റൺസെടുത്ത നജ്മുൽ ഹുസൈൻ, 70 റൺസെടുത്ത ലിറ്റൺ ദാസ് എന്നിവരുടെ ബാറ്റിംഗ് മികവിൽ ആതിഥേയർ 50 ഒവറിൽ 349 റൺസ് എന്ന കൂറ്റൻ ടോട്ടലും പടുത്തുയർത്തി.
എന്നാൽ മുഷ്ഫിക്കുറിന്റെ അതിവേഗ സെഞ്ച്വറിയും ഒപ്പം നേടിയ പടുകൂറ്റൻ ടോട്ടലും, ബംഗ്ലാദേശ് ആരാധകർക്ക് പൂർണ സംതൃപ്തിയോടെ ആസ്വദിക്കാൻ സാധിച്ചില്ല. മത്സരത്തിന് ഫലമില്ലാതായി എന്നതാണ് കാരണം. ബംഗ്ലാദേശിന്റെ ഇന്നിംഗ്സിന് ശേഷം പെയ്ത പെരുമഴയെ തുടർന്ന്, മത്സരം പിന്നീട് തുടരാൻ സാധിച്ചില്ല. ഐറിഷ് ഇന്നിംഗ്സിൽ ഒരു പന്ത് പോലും എറിയാനാകാതെ മത്സരം ഉപേക്ഷിക്കുകയായിരുന്നു. ഇതോടെ ബംഗ്ലാദേശ് താരങ്ങളും ആരാധകരും നിരാശരായി മടങ്ങി.











