ചണ്ഡീഗഡ്: കുപ്രസിദ്ധ ഖാലിസ്ഥാൻ ഭീകരൻ അമൃത്പാൽ സിംഗ് സംസ്ഥാനം വിട്ടതായി പുതിയ വിവരം. ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ട അമൃത്പാലിന്റെ വാഹനവും വസ്ത്രങ്ങളുമാണ് ഇതുമായി ബന്ധപ്പെട്ട സൂചന നൽകുന്നത് എന്നാണ് പഞ്ചാബ് പോലീസ് വ്യക്തമാക്കുന്നത്. ഈ നിഗമനത്തിന്റെ അടിസ്ഥാനത്തിൽ ഇയാൾക്കായുള്ള അന്വേഷണം അയൽ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചു.
അമൃത്പാൽ സിംഗിന്റെ ബ്രെസ്സ കാർ ആണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടത്. മേഴ്‌സിഡെസ് ബെൻസ് കാറിൽ സഞ്ചരിക്കാറുള്ള ഇയാൾ പോലീസിനെ വെട്ടിക്കാനായി ഷഹ്‌കോട്ടിൽ നിന്നും ബ്രെസ്സയിൽ കയറി. ഇതിൽവച്ച് വസ്ത്രങ്ങൾ മാറിയ ഇയാൾ സഹായിയുടെ ഇരു ചക്രവാഹനത്തിലാണ് കടന്നു കളഞ്ഞത്. ഇയാൾക്ക് രക്ഷപ്പെടാനായി നിരവധി പേർ സഹായം നൽകിയിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
അതേസമയം അമൃത്പാൽ സിംഗിന്റെ അനുയായികളായ 114 പേരാണ് ഇതുവരെ അറസ്റ്റിലായിരിക്കുന്നത്. 430 തോക്കുകൾ ഉൾപ്പെടെ വൻ ആയുധ ശേഖരവും പിടിച്ചെടുത്തിട്ടുണ്ട്. വരും മണിക്കൂറുകളിലും കൂടുതൽ പേർ അറസ്റ്റിലായേക്കാമെന്നാണ് സൂചന. കഴിഞ്ഞ മാസം അമൃത്പാൽ സിംഗിന്റെ അനുയായികൾ മാരകായുധങ്ങളുമായി പോലീസ് സ്‌റ്റേഷനിൽ എത്തുകയും ഭീതി പടർത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് ഇയാൾക്കെതിരെ അന്വേഷണം ആരംഭിച്ചത്.
വാരിസ് പഞ്ചാബ് ദെ എന്ന സംഘടനയുടെ നേതാവാണ് ഇയാൾ. കാർഷിക നിയമങ്ങൾക്കെതിരെ ചെങ്കോട്ടയിൽ നടന്ന കലാപത്തിന് നേതൃത്വം നൽകിയ നടൻ ദീപ് സിദ്ധുവാണ് ഈ സംഘടന രൂപീകരിച്ചത്. ദീപ് സിദ്ധു കൊല്ലപ്പെട്ടതിന് പിന്നാലെ അമൃത്പാൽ സിംഗ് നേതൃത്വം ഏറ്റെടുക്കുകയായിരുന്നു.








