ന്യൂഡൽഹി: അന്താരാഷ്ട്ര വേദിയിൽ കശ്മീർ തങ്ങളുടേതെന്ന് വരുത്തി തീർക്കാനുള്ള പാകിസ്താന്റെ നീക്കത്തെ തടഞ്ഞ് ഇന്ത്യ. ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയുമായി ബന്ധപ്പെട്ട് നടന്ന ഒരു യോഗത്തിൽ കശ്മീർ പാകിസ്താന്റെ ഭാഗമെന്ന രീതിയിലുള്ള ഭൂപടമാണ് പാകിസ്താൻ പ്രതിനിധികൾ ഉപയോഗിച്ചത്.
സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ ഇന്ത്യൻ പ്രതിനിധികൾ ശക്തമായ ഭഷയിൽ എതിർക്കുകയായിരുന്നു. പിന്നാലെ ഉച്ചകോടിയുടെ ഭാഗമായുള്ള സൈനിക വൈദ്യശാസ്ത്ര വിദഗ്ധരുടെ കോൺഫറൻസിൽ നിന്ന് പാക് പ്രതിനിധികൾ വിട്ട് നിൽക്കുകയായിരുന്നു.
നേരത്തെ നടന്ന എസ്സിഒ യോഗത്തിൽ പാക് ഉദ്യോഗസ്ഥർ സമാനമായ ഭൂപടങ്ങൾ ഉപയോഗിച്ചതിനാൽ വിദേശകാര്യ മന്ത്രാലയം ഉൾപ്പെടെ പ്രതിഷേധം ഉന്നയിച്ചിരുന്നു. ശരിയായ ഭൂപടം കാണിക്കാനോ സെമിനാറിൽ നിന്ന് വിട്ടുനിൽക്കാനോ പാക് പ്രതിനിധികളോട് ആവശ്യപ്പെടുകയായിരുന്നു.









