ന്യൂഡൽഹി; ബ്രഹ്മപുരം വിഷയം ദേശീയ തലത്തിൽ ഉയർത്തി ബിജെപി. തീപിടുത്തവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് മുൻ മന്ത്രിയും ബിജെപി നേതാവുമായ പ്രകാശ് ജാവദേക്കർ. ഓരോദിവസവും കുന്നുകൂടുന്നത് 250 ടൺ മാലിന്യമാണ്. ഖരമാലിന്യ സംസ്‌കരണത്തിൽ കേരളം മാനദണ്ഡങ്ങൾ ലംഘിച്ചുവെന്നും കൊച്ചിക്കാർക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായെന്നും ഇതിന് ആരാണ് സമാധാനം പറയേണ്ടതെന്നും അദ്ദേഹം ചോദിച്ചു .
ബ്രഹ്‌മപുരം വിഷയത്തിൽ ഹൈക്കോടതി ഇടപെട്ടത് ശുഭസൂചനയാണ്. മാലിന്യസംസ്‌കരണത്തിൽ കേരളം ഗോവ ഇൻഡോർ മാതൃകകൾ പിന്തുടർന്നില്ലെന്ന് അദ്ദേഹം വിമർശിച്ചു.
ബ്രഹ്മപുരം തീപ്പിടിത്തത്തിൽ അട്ടിമറി അടക്കമുള്ള കാര്യങ്ങൾ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സോണ്ടക്ക് വേണ്ടി വഴി വിട്ട് കരാർ നൽകിയതിൽ മുഖ്യമന്ത്രിയുടെ പങ്കും പരിശോധിക്കണം. ബ്രഹ്മപുരം തീപ്പിടിത്തത്തിൽ സി ബി ഐ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ദൈവത്തിന്‍റെ സ്വന്തം നാടാണ് കേരളം. എന്നാൽ ആ കേരളത്തിൽ നടക്കുന്നത് എന്താണ് എന്നത് ദൈവത്തിന് പോലുമറിയില്ല എന്ന അവസ്ഥയാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.
സോണ്ട കമ്പനിയ്ക്കാണ് കരാർ നൽകിയത്. അവർ മറ്റൊരു കമ്പനിക്ക് ഉപകരാർ നൽകി. 55 കോടിക്ക് എടുത്ത കരാർ 22 കോടിക്ക് ഉപകരാറായി നൽകി. ഉപകരാർ നൽകിയതാകട്ടെ യു ഡി എഫ് നേതാവിന്‍റെ ബന്ധുവിനാണെന്നും പ്രകാശ് ജാവദേക്കർ ചൂണ്ടികാട്ടി. ത്രിപുരയിലെ സഖ്യം പോലെയായി കരാറും ഉപകരാറുമെന്ന് അദ്ദേഹം പരിഹസിച്ചു.
എല്ലാവർഷവും തീപിടിക്കുമെന്ന് ന്യായീകരണം, പക്ഷേ പരിഹാരം കാണുന്നില്ല. ബ്രഹ്‌മപുരത്ത് നടക്കുന്നതെല്ലാം അഴിമതിയാണെന്ന് പ്രകാശ് ജാവഡേക്കർ കുറ്റപ്പെടുത്തി.എൽഡിഎഫും യുഡിഎഫും ബ്രഹ്‌മപുരം ദുരന്തത്തിന് കാരണമാണെന്ന് അദ്ദേഹം പറഞ്ഞു. സോണ്ടയുടെ ഉടമ വൈക്കം വിശ്വത്തിന്റെ മരുമകനാണ്. ഉപകരാർ കോൺഗ്രസ് നേതാവ് എം വേണുഗോപാലിന്റെ മരുമകനും നൽകി. മുഖ്യമന്ത്രിയുടെ മരുമകനും പങ്കുണ്ടാകാമെന്ന് അദ്ദേഹം വിമർശിച്ചു
Discussion about this post