ജിദ്ദ: ടെന്നീസിൽ നിന്നും വിരമിച്ച ശേഷം മകനും കുടുംബാംഗങ്ങൾക്കുമൊപ്പം സൗദി അറേബ്യയിലെത്തി ഉംറ നിർവഹിച്ച് സാനിയ മിർസ. പരമ്പരാഗത ഇസ്ലാം വേഷത്തിൽ മകൻ ഇഷാൻ മിർസക്കും മാതാപിതാക്കൾക്കുമൊപ്പം സൗദിയിൽ നിന്നുള്ള ചിത്രങ്ങൾ സാനിയ സാമൂഹിക മാദ്ധ്യമങ്ങളിൽ പങ്കുവെച്ചു. എന്നാൽ ഭർത്താവും പാകിസ്താൻ ക്രിക്കറ്റ് താരവുമായ ഷോയിബ് മാലിക് സാനിയക്കൊപ്പം ചിത്രങ്ങളിൽ ഇല്ല.
സാനിയയുടെ മാതാപിതാക്കളായ ഇമ്രാൻ മിർസ, നസീമ മിർസ, സഹോദരി അനാം മിർസ, സഹോദരീ ഭർത്താവ് മുഹമ്മദ് അസദുദ്ദീൻ എന്നിവരും സൗദിയിൽ എത്തിയിട്ടുണ്ട്.
ഹൈദരാബാദിലെ ലാൽ ബഹാദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ കരിയറിലെ അവസാന മത്സരം കളിച്ച സാനിയ മിർസ, പിന്നീട് വനിതാ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ മെന്ററായും പ്രവർത്തിച്ചിരുന്നു. രണ്ട് ദശാബ്ദക്കാലം ഇന്ത്യക്ക് വേണ്ടി റാക്കറ്റ് ഏന്താൻ കഴിഞ്ഞത് അഭിമാനകരമാണെന്ന് വിരമിക്കൽ വേളയിൽ സാനിയ മിർസ പറഞ്ഞിരുന്നു.








