തിരുവനന്തപുരം; മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി സജ്ജമാക്കിയ ആയിരം കുളങ്ങളുടെ പൂർത്തീകരണ പ്രഖ്യാപനവും സംസ്ഥാനതല ഉദ്ഘാടനവും തിരുവനന്തപുരം വാമനപുരം പഞ്ചായത്തിലെ അയിലത്തുവിളാകം ചിറയിൽ മന്ത്രി എംബി രാജേഷ് നിർവഹിച്ചു.
ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ രണ്ടാം വാർഷികത്തോട് അനുബന്ധിച്ച് നൂറുദിനപരിപാടികളുടെ ഭാഗമായി രണ്ടായിരം കുളങ്ങൾ നിർമ്മിക്കാനാണ് ലക്ഷ്യമിട്ടത്. ഇതിന്റെ ആദ്യഘട്ടമാണ് പൂർത്തീകരിച്ചതെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനതല ഉദ്ഘാടനത്തിന് പുറമേ, എല്ലാ നിയോജക മണ്ഡലങ്ങളിലും പഞ്ചായത്തുകളിലും കുളങ്ങളുടെ ഉദ്ഘാടനം നടന്നിട്ടുണ്ടെന്നും തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ ചുമതല വഹിക്കുന്ന മന്ത്രി കൂട്ടിച്ചേർത്തു.
തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ജലസംരക്ഷണ പ്രവർത്തനങ്ങൾ കൂടുതൽ സജീവമായി ഏറ്റെടുക്കുമെന്ന് എംബി രാജേഷ് പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം നേരിടാനുള്ള പ്രവർത്തനങ്ങളിൽ തൊഴിലുറപ്പ് പദ്ധതിയെ കണ്ണി ചേർത്തിട്ടുണ്ട്. മണ്ണ് സംരക്ഷണ പ്രവർത്തനങ്ങൾ, കുളം നിർമിക്കൽ എന്നിവ ഇതിന്റെ ഭാഗമാണ്. കുളങ്ങൾ, തടയണകൾ, മഴക്കുഴികൾ തുടങ്ങിയവ നിർമ്മിക്കാനും മഴവെള്ള റീച്ചാർജ് സംവിധാനങ്ങൾ സജ്ജമാക്കാനുമുള്ള പ്രവർത്തനങ്ങൾ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് നടപ്പിലാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.













Discussion about this post