സൂറത്ത്: മാനനഷ്ടക്കേസിൽ രാഹുൽഗാന്ധി കുറ്റക്കാരനാണെന്ന് കോടതി. രണ്ട് വര്‍ഷം തടവ് ശിക്ഷയാണ് കോടതി രാഹുലിന് വിധിച്ചിരിക്കുന്നത്. സൂറത്തിലെ സിജെഎം കോടതിയുടേതാണ് വിധി. മോദി സമുദായത്തിനെതിരെ രാഹുൽ പ്രസംഗിച്ചെന്ന മാനനഷ്ടക്കേസിലാണ് വിധി. വിധി പറയുന്നത് കേൾക്കാൻ രാഹുൽ ഗാന്ധി രാവിലെ തന്നെ സൂറത്തിൽ എത്തിയിരുന്നു. മുതിർന്ന കോൺഗ്രസ് നേതാക്കളും രാഹുലിനൊപ്പം കോടതിയിൽ എത്തിയിരുന്നു. കോടതിയിൽ നിന്ന് തന്നെ രാഹുൽ ജാമ്യം നേടി. വിധിക്കെതിരെ അപ്പീൽ നൽകുമെന്നും കോൺഗ്രസ് നേതാക്കൾ അറിയിച്ചിട്ടുണ്ട്.
2019ൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലയളവിൽ കർണാടകയിൽ കോലാറിൽ വച്ച് നടത്തിയ വിവാദ പ്രസംഗമാണ് കേസിന് ആധാരം. കള്ളന്മാരുടെ പേരിനൊപ്പം മോദി എന്ന പേര് എങ്ങനെ വരുന്നുവെന്നായിരുന്നു രാഹുൽ പറഞ്ഞത്. ഇത് മോദി സമുദായത്തെ ആകെ അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി മുൻ മന്ത്രിയും സൂറത്തിൽ നിന്നുള്ള എംഎൽഎയുമായ പൂർണേഷ് മോദി നൽകിയ പരാതിയിലാണ് ഇപ്പോൾ കോടതി വിധി പറഞ്ഞത്. തനിക്കും വ്യക്തിപരമായി മാനഹാനി ഉണ്ടാക്കുന്നതാണ് രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയെന്നും പൂര്‍ണേഷ് മോദി പറഞ്ഞിരുന്നു.
ഹൈക്കോടതി ഈ കേസിന്റെ നടപടിക്രമങ്ങൾ സ്റ്റേ ചെയ്തിരുന്നുവെങ്കിലും രണ്ടാഴ്ച മുൻപ് സ്റ്റേ നീക്കിയിരുന്നു. ഐപിസി ചട്ടം 499, 500 വകുപ്പുകൾ പ്രകാരമായിരുന്നു രാഹുലിനെതിരെ കേസെടുത്തിരുന്നത്. നാല് വർഷത്തിലേറെ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്. നിലവില്‍ സിജെഎം കോടതിക്ക് മുന്നില്‍ വലിയ സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. എന്നാൽ ബിജെപി സർക്കാർ രാഹുൽ ഗാന്ധിയെ ബോധപൂർവ്വം ലക്ഷ്യം വയ്ക്കുന്നുവെന്നാണ് സംസ്ഥാന അധ്യക്ഷൻ ജഗദീഷ് താക്കൂറിന്റെ ആരോപണം.
Discussion about this post