കൊച്ചി: മോദി സമുദായത്തെ അവഹേളിച്ചതിന് കുറ്റക്കാരനെന്ന് കണ്ടെത്തി കോടതി ശിക്ഷ വിധിച്ച രാഹുൽ കുറ്റം ചെയ്യൽ ശീലമാക്കിയ വ്യക്തിയെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഡോ. കെഎസ് രാധാകൃഷ്ണൻ. ഇത് രണ്ടാം തവണയാണ് മാനനഷ്ട കേസിൽ രാഹുൽ ശിക്ഷിക്കപ്പെടുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ കള്ളൻ എന്ന് വിളിച്ച് ആക്ഷേപിച്ച കേസിൽ സുപ്രീം കോടതിയിൽ നിരുപാധികം മാപ്പുപറഞ്ഞാണ് ശിക്ഷയിൽ നിന്നും രാഹുൽ ഒഴിവായതെന്ന് ഡോ. കെഎസ് രാധാകൃഷ്ണൻ ഫേസ്ബുക്കിലെഴുതിയ പ്രതികരണത്തിൽ ചൂണ്ടിക്കാട്ടി. കുറ്റം ചെയ്യൽ ശീലമാക്കിയ രാഹുൽ ശിക്ഷിക്കപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മോദിയെ ആക്ഷേപിച്ച കേസിൽ മേലിൽ ഇത്തരം തെറ്റുകൾ ആവർത്തിക്കരുത് എന്ന് സുപ്രീം കോടതി താക്കീതു നൽകിയിരുന്നു. 2014ൽ അധികാരം നഷ്ടപെട്ട അന്ന് തുടങ്ങിയതാണ് രാഹുൽജിയുടെ വെളിവുകേട്. നിലവിൽ ആറു മാനനഷ്ട കേസുകളാണ് അദ്ദേഹം നേരിടുന്നത്. ആറിലും ശിക്ഷ ലഭിക്കാനുള്ള സാധ്യത വളരെ കൂടുതലുമാണ്. കാരണം അഭിപ്രായം എന്ന നിലയിൽ അസത്യമാണ് അദ്ദേഹം വിളിച്ചുകൂവിയത്.
അസത്യം പറയുന്നതും പ്രചരിപ്പിക്കുന്നതും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഭാഗമല്ല. പറയുന്നവൻ ആരായിരുന്നാലും ആത്മനിയന്ത്രണം പാലിക്കണം. ആത്മനിയന്ത്രണം പാലിക്കാത്തവനെ നിയമത്തിനു നിയന്ത്രിക്കേണ്ടി വരും. ഇക്കാര്യം മാദ്ധ്യമങ്ങൾക്കും ബാധകമാണ്. ഈ തത്വം രാഹുൽ ഗാന്ധിക്കും ബാധകമാണ്. അതിവാക്ക് പറയാനും അസത്യം പ്രചരിപ്പിക്കാനും തനിക്കു അവകാശമുണ്ടെന്ന് അദ്ദേഹം കരുതുന്നു. അതുകൊണ്ടു നിയമലംഘനം അദ്ദേഹം ശീലമാക്കിയിരിക്കുകയാണെന്നും ഡോ. കെഎസ് രാധാകൃഷ്ണൻ പറഞ്ഞു.
ആർഎസ്എസുകാർ ഗാന്ധിജിയെ കൊന്നു എന്ന് അദ്ദേഹം, 2014ൽ മഹാരാഷ്ട്രയിൽ പ്രസംഗിച്ചു . സുപ്രീംകോടതി പരിശോധിച്ച് തീർപ്പു കല്പിച്ച വിവാദമാണ് ഇത് എന്നും ആരോപണം തെറ്റാണെന്നും പിൻവലിച്ചു മാപ്പു പറയണമെന്നും സംഘം അദ്ദേഹത്തോട് ആവശ്യപ്പെട്ടു. രാഹുൽ ആരോപണം ആവർത്തിച്ചു. തുടർന്നാണ് മാനനഷ്ട കേസുണ്ടായത്. 2015ൽ അസമിലെ വൈഷ്ണവ ക്ഷേത്രത്തിൽ ആർഎസ്എസുകാർ തന്നെ പ്രവേശിപ്പിച്ചില്ല എന്ന് അദ്ദേഹം നുണ പറഞ്ഞു. സംഭവം അസത്യമാണെന്നും അതുകൊണ്ട് മാപ്പു പറയണമെന്നും ബന്ധപ്പെട്ടവർ ആവശ്യപ്പെട്ടു. അതും മാനനഷ്ട കേസായി.
2018 ൽ നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് അമിത്ഷായെ അവഹേളിച്ചു. പറഞ്ഞത് അസത്യമായതുകൊണ്ട് അതും കേസായി. 2019ൽ ഗൗരി ലങ്കേഷ് വധവുമായി ബന്ധപെട്ടു അസത്യം പറഞ്ഞു. അതും മാനനഷ്ട കേസായി കോടതിയിലുണ്ട്. ആളുകളെ അധിക്ഷേപിക്കാനായി അസത്യം പറയുന്നത് ശീലമാക്കിയ നേതാവാണ് രാഹുൽജി. അപരനെ അധിക്ഷേപിക്കാനുള്ള അവകാശമല്ല അഭിപ്രായ സ്വാതന്ത്ര്യം. അതിരുവിട്ടാൽ അഭിപ്രായ സ്വാതന്ത്ര്യം അരാജകത്വമായി മാറും. അരാജകത്വം ജനാധിപത്യത്തെ തകർക്കും. അതുകൊണ്ടാണ് അഭിപ്രായം പറയുമ്പോൾ ആത്മനിയന്ത്രണം വേണമെന്നും അസത്യം പറയരുതെന്നും ഭരണഘടന നിർമ്മാതാക്കൾ വിവക്ഷിച്ചതെന്ന് ഡോ. കെഎസ് രാധാകൃഷ്ണൻ പറഞ്ഞു.
കുടുംബ മഹിമയുടെ പേരിൽ രാഹുൽ ശിക്ഷിക്കപ്പെടരുത് എന്നാണ് കോൺഗ്രസുകാർ ആഗ്രഹിക്കുന്നത്. നെഹ്റു-ഗാന്ധി കുടുംബം എന്നാണ് അവർ സ്വയം അവകാശപ്പെടുന്നതും പ്രചരിപ്പിക്കുന്നതും. നുണ പറഞ്ഞതിന് ശിക്ഷിക്കപ്പെട്ടു കഴിഞ്ഞപ്പോഴാണ് സത്യവും അഹിംസയും ആണ് തന്റെ മതമെന്ന് അദ്ദേഹത്തിന് തോന്നിയത് എന്നത് അദ്ദേഹം പറയുന്ന പല ഫലിതങ്ങളിൽ ഒന്നായി അവശേഷിക്കുന്നുവെന്ന് ഡോ. കെഎസ് രാധാകൃഷ്ണൻ ചൂണ്ടിക്കാട്ടി.
Discussion about this post