മരണം വേണോ ജീവിതം വേണോ എന്ന സാഹചര്യത്തിലാണ് താൻ ഭാരം കുറയ്ക്കാൻ തീരുമാനിച്ചതെന്ന വെളിപ്പെടുത്തലുമായി ഗായകൻ അദ്നൻ സമി. ഈ ശരീരഭാരവുമായി ആറുമാസത്തിൽ കൂടുതൽ ജീവിച്ചിരിക്കില്ലെന്ന് 2006ൽ ഡോക്ടർമാർ അന്ത്യശാസനം നൽകിയതോടെയാണ് ഭാരം കുറച്ചേ മതിയാകൂ എന്ന തീരുമാനത്തിലേക്ക് എത്തിയതെന്ന് ഹ്യൂമൺസ് ഓഫ് ബോംബേയ്ക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. 230 കിലോഗ്രാം ഭാരമുണ്ടായിരുന്ന അദ്നൻ സമി അങ്ങനെ നിലനിൽപ്പിനായി 120 കിലോഗ്രാം ഭാരം കുറച്ചു.
ഭാരം കുറയ്ക്കാൻ നിങ്ങൾ ഒന്നും ചെയ്യാൻ പോകുന്നില്ലെങ്കിൽ, നിങ്ങൾക്ക് ജീവൻ തന്നെ നഷ്ടപ്പെടുമെന്ന് അവർ പറഞ്ഞു. ജീവിതമോ മരണമോ എന്ന സാഹചര്യമായിരുന്നു മുന്നിൽ. അതിശയപ്പെടുത്തുന്ന തരത്തിൽ പെട്ടെന്ന് എന്റെ വണ്ണം കുറഞ്ഞത് കണ്ട് പലരും അമ്പരന്നുപോയി. ഏതെങ്കിലും സിനിമയിൽ അഭിനയിക്കുന്നതിന് വേണ്ടിയാണോ അതല്ല ഏതെങ്കിലും പ്രേമത്തിൽ പെട്ടിട്ടാണോ ഞാൻ വണ്ണം കുറച്ചത് എന്നുവരെ ആളുകൾ സംശയിച്ചതായി പ്രിയഗായകൻ വെളിപ്പെടുത്തി.
വണ്ണം കുറയ്ക്കാനാകുമോ എന്ന കാര്യത്തിൽ തനിക്ക് തന്നെ സംശയം ഉണ്ടായിരുന്ന ഒരു ഘട്ടമുണ്ടായിരുന്നുവെന്നും അദ്നൻ പറയുന്നു. തന്നെ അറിയാവുന്ന പലരും എന്നെക്കൊണ്ട് അതിന് പറ്റില്ല എന്ന ചിന്തയിൽ ഇക്കാര്യത്തിൽ തനിക്ക് മുന്നിൽ അടിയറവ് പറഞ്ഞിരുന്നു.അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നും അതൊരു ഭഗീരഥയജ്ഞം തന്നെ ആയിരുന്നുവെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തി. ഒരു വലിയ മലയാണ് കയറാൻ ഉണ്ടായിരുന്നത്. ഒരു ഘട്ടത്തിൽ എനിക്കതിന് പറ്റില്ലെന്ന് സ്വയം തോന്നിയിരുന്നു. മികച്ച ഒരു ന്യൂട്രീഷനിസ്റ്റിനെ ലഭിച്ചതാണ് തന്റെ ഭാഗ്യമെന്നും അവർ തന്ന പ്രോത്സാഹനമാണ് ഈ ഉദ്യമത്തിൽ തനിക്ക് തുണയായതെന്നും അദ്നൻ ഓർക്കുന്നു. വലിയൊരു മലയാണ് മുമ്പിലെന്ന് ചിന്തിക്കാതെ ഓരോ ചെറിയ അടിവെച്ച് മുന്നോട്ടുനീങ്ങാനാണ് അവർ ഉപദേശിച്ചത്. ആ രീതിയിലുള്ള ചിന്താഗതിയിലൂടെ ഇത്രയേറെ ഭാരം കുറയ്ക്കാൻ കഴിയുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും അദ്ദേഹം മനസ് തുറന്നു.
ഭാരം കുറയ്ക്കുകയെന്നത് വളരെ ശ്രമകരമായ ദൗത്യമാണെന്ന് അദ്ദേഹം സമ്മതിക്കുന്നുണ്ട്. ഒട്ടനവധി ഭക്ഷണരീതികളും ഡയറ്റും പരീക്ഷിച്ചുവെങ്കിലും ജീവിതശൈലി മാറ്റിയതാണ് ഭാരം കുറയ്ക്കുന്നിൽ തന്നെ സഹായിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. എന്തായാലും അദ്നൻ സാമിയുടെ ഈ വലിയ മാറ്റം ഭാരം കുറയ്ക്കാൻ പാടുപെടുന്ന പലർക്കും ഒരു പ്രചോദനവും മാതൃകയുമാണ്.












