ഡല്‍ഹി: ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതിയിലെ അപാകതകളില്‍ പ്രതിഷേധിച്ച് വിമുക്ത സൈനികര്‍ ഇന്നു മുതല്‍ മെഡലുകള്‍ തിരിച്ചു നല്‍കും. കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഒരു റാങ്ക് ഒരു പെന്‍ഷന്‍ സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചെങ്കിലും പല ആവശ്യങ്ങളും അംഗീകരിയ്ക്കപ്പെടാത്ത സാചര്യത്തില്‍ മുന്‍ സൈനികര്‍ പ്രതിഷേധം തുടരുകയാണ്. ഡല്‍ഹിയിലെ ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന് മുന്നിലായിരിയ്ക്കും മെഡല്‍ തിരിച്ചു നല്‍കുന്ന പ്രതിഷേധ പരിപാടി.
പ്രധാനമായും ഏഴ് പ്രശ്‌നങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനത്തില്‍ വിമുക്തഭടന്മാര്‍ ചൂണ്ടിക്കാണിച്ചിരിയ്ക്കുന്നത്. ഏഴാം ശമ്പളകമ്മീഷനുമായി ഒരു റാങ്ക് ഒരു പെന്‍ഷനെ ബന്ധിപ്പിയ്ക്കാതിരിയ്ക്കുകയും ഒരു റാങ്ക് ഒരു പെന്‍ഷന്‍ സ്ഥിരമായി നടപ്പാക്കുകയും ചെയ്യുക, വാര്‍ഷിക ഏകീകരണം നടപ്പാക്കുക, പെന്‍ഷന്‍ കണക്കാക്കുന്നതിനായുള്ള അടിസ്ഥാനവര്‍ഷമായി 2013 -14 വര്‍ഷമെടുക്കുക, 2013ലെ ഏറ്റവും ഉയര്‍ന്ന പെന്‍ഷന്‍ നിരക്ക് അടിസ്ഥാന തുകയായി നിശ്ചയിയ്ക്കുക തുടങ്ങിയ ആവശ്യങ്ങളുമായാണ് വിമുക്തഭടന്മാര്‍ പ്രതിഷേധം തുടരുന്നത്.
സര്‍ക്കാര്‍ പ്രഖ്യാപിച്ച ഒരു റാങ്ക് ഒരു പെന്‍ഷന വ്യാജവും അതിന്റെ അന്തസത്തയെ തന്നെ ഇല്ലാതാക്കുന്നതുമാണെന്ന് വിമുക്ത ഭടന്മാര്‍ ആരോപിയ്ക്കുന്നത്. സീനിയര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ക്ക് ജൂനിയര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ക്ക് ലഭിയ്ക്കുന്നതിനേക്കാള്‍ കുറവ് പെന്‍ഷന്‍ ലഭിയ്ക്കുന്ന അവസ്ഥയാണ് സര്‍ക്കാരിന്റെ വിജ്ഞാപനത്തിലുള്ളത്. ഇത് അംഗീകരിയ്ക്കാനാവില്ലെന്ന് ഇന്ത്യന്‍ എക്‌സ് സര്‍വീസ്‌മെന്‍ മൂവ്‌മെന്റ് ജനറല്‍ സെക്രട്ടറി ഗ്രൂപ്പ് ക്യാപ്റ്റന്‍ വി.കെ.ഗാന്ധി പറഞ്ഞു.
ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതിയുടെ പേരില്‍ വിമുക്ത ഭടന്മാരെ വഞ്ചിയ്ക്കാന്‍ ശ്രമിയ്ക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടി രാജ്യത്തെ ജനങ്ങളെ ബോദ്ധ്യപ്പെടുത്തുമെന്നും വി.കെ.ഗാന്ധി പറഞ്ഞു. ഒരു റാങ്ക് ഒരു പെന്‍ഷനുമായി ബന്ധപ്പെട്ട് വിമുക്ത ഭടന്മാരുടെ എല്ലാ ആവശ്യങ്ങളും അംഗീകരിയ്ക്കാനാവില്ലെന്ന പ്രതിരോധ മന്ത്രി മനോഹര്‍ പരീഖറുടെ നിലപാട് ചില ഉന്നത ഉദ്യോഗസ്ഥരില്‍ നിന്നുള്ള സമ്മര്‍ദ്ദത്തിന്റെ ഭാഗമായി ഉണ്ടായതാണ്. ന്യായമായ ആവശ്യം മാത്രമേ വിമുക്തഭടന്മാര്‍ ഉന്നയിച്ചിട്ടുള്ളൂ. ഇതില്‍ ഉപാധികള്‍ വയ്‌ക്കേണ്ട കാര്യമില്ലെന്നും വി.കെ.ഗാന്ധി പറഞ്ഞു.
ഇതിനിടെ പ്രതിഷേധം തുടരുന്ന വിമുക്ത ഭടന്മാര്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളുമായി ചര്‍ച്ച നടത്തി.
Discussion about this post